Monday, July 5, 2010

ആശുപത്രി

ആതുരശരീരത്തിന്റെ ജീവിതോഷ്ണം
അളന്നെടുക്കാന്‍ ആരോ
നടന്നെടുക്കുന്നു.

മറ്റൊരാള്‍, ശിശിരക്കാലത്തിന്റെ ശരീരത്തേക്ക്‌
വേദനകളുടെ വസന്തം
കുത്തിയാഴ്ത്തുന്നു.

കോപം കരുണ,
കാമം കരച്ചില്‍,
ദയ ദാരുണം,
ക്രമം തെറ്റിയ അനുഭവങ്ങളുടെ
മാന്‍ കൂട്ടങ്ങള്‍
ഒാ‍ര്‍മ്മകളുടെ കൂരമ്പുകളിലേക്ക്‌
ദാഹം തീര്‍ക്കാനിറങ്ങുന്നു.

അടുത്ത മുറിയിലേക്ക്‌
കടന്നു പോയ ചടുലമായ
പദവിന്യാസങ്ങള്‍ വിരസതയോടെ
വേച്ചു നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു.

വരാന്തകളില്‍, ശരീരങ്ങള്‍
ജീവിതങ്ങളിലേക്കും മോര്‍ച്ചറിയിലേക്കും
നിരന്തരം ഡിസ്ചാര്‍ജജ്‌
ചെയ്യപെട്ടുകൊണ്ടിരിക്കുന്നു.

അവശേഷിക്കുന്ന അല്‍പകാലം
ഡ്രിപ്‌ സ്റ്റാന്‍ഡില്‍
നിന്നും അടര്‍ന്നു വീഴാന്‍
തുടങ്ങുന്നു.

ബൈസ്റ്റാന്‍ഡര്‍ ഇല്ലാത്തൊരു
രോഗി അവസാനത്തെ
ദാഹവും കുടിച്ചിറക്കി
യാത്രയാവുന്നു.

Sunday, June 21, 2009

ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ!

പണ്ട്‌, അത്ര പണ്ടൊന്നുമായിരുന്നില്ല, വഴികള്‍ ഒടുങ്ങുകയും തുടങ്ങുകയും ചെയ്യുന്ന പ്രധാന കവലയില്‍ ഒന്‍പതര മണിയോടടുത്ത്‌ ഞങ്ങള്‍ കുറച്ചു പേരെങ്ങിലും പ്രതീക്ഷയോടെ ബസ്സ്‌ കാത്ത്‌ നിന്നിരുന്നത്‌. യാത്രക്കിടയിലെ ഇടവേളയില്‍ കിതപ്പാറ്റി നില്‍ക്കുന്ന ബസ്സില്‍ നിന്നു ഇറങ്ങുവാനും കയറുവാനും ഒരു പോലെ തിരക്കുകൂട്ടുന്ന ജീവിതങ്ങള്‍ക്കിടയില്‍ നിന്നും അഞ്ചല്‍ ശിപായി ആയാസപ്പെട്ട്‌ വലിച്ചെടുക്കുന്ന കാക്കി നിറമുള്ള മെയില്‍ ബാഗ്‌ കാത്തായിരുന്നു ഞങ്ങള്‍ അക്ഷമരായി നിന്നിരുന്നത്‌. മെയില്‍ ബാഗ്‌ തൊട്ടടുത്തുള്ള തപാലാപ്പീസ്സില്‍ എത്തുന്നതോടെ അവിടുത്തെ വരാന്തയിലും മുറ്റത്തുമായി ഞങ്ങള്‍ രണ്ടു സംഘങ്ങളായി വിന്യസിക്കപ്പെടുന്നു. ഇനിയും നടപ്പാകാത്ത ശംബളപരിക്ഷരണത്തെയോ, കേന്ദ്രപാരിറ്റിയേക്കുറിച്ചോ മറ്റോ വ്യാകുലപ്പെടുന്ന പെന്‍ഷന്‍ സമൂഹവും അടുത്തിടെ നടന്ന എകദിന മത്സരത്തില്‍ രവിശാസ്ത്രി പാഴാക്കികളഞ്ഞ പന്തുകളെക്കുറിച്ചോ മറ്റോ പരിതപിക്കുന്ന യുവസമൂഹവുമായിരുന്നു രണ്ടു സംഘങ്ങളായി രൂപാന്തരം പ്രാപിച്ചത്‌. അഞ്ചല്‍ക്കാരന്‍ എഴുത്തുകള്‍ തരംതിരിക്കുന്നതിനിടയിലുള്ള ഇടവേള എന്നും ഇത്തരം 'ചര്‍ച്ചകളാലും' 'സംവാദങ്ങളാലും' സമ്പന്നവുമായിരുന്നു. അഞ്ചല്‍ക്കാരന്‍ ഉച്ചയോടെയൊ മറ്റൊ വീട്ടിലെത്തിക്കുന്ന തപാലുകള്‍ നേരത്തേ തന്നെ കൈപറ്റാനായിരുന്നു ഞങ്ങള്‍ തപാലാപ്പീസിന്റെ വരാന്തയില്‍ ഇടം തേടിയത്‌ (പക്ഷെ ഞങ്ങള്‍ കൈപറ്റുന്ന തപാലുകള്‍ പലപ്പോഴും ഉച്ചകഴിഞ്ഞെ വീട്ടിലെത്തുകയുള്ളൂ എന്നത്‌ വേറെ കാര്യം!)


കത്തുകള്‍ അല്ലാതെ ആശയ വിനിമയത്തിന്‌ മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്ത കാലമായിരുന്നു അത്‌. ഇളം നീല നിറമുള്ള ഇന്‍ലന്റില്‍ കടുംനീലയില്‍ എഴുതിയ അക്ഷരങ്ങള്‍ ക്ഷേമാന്വേഷണവും വിവാദവും വിരഹവും പങ്കുവെക്കാന്‍ സഹായിച്ചു. തപാലപ്പീസിന്റെ വരാന്തയില്‍ നിന്നും കത്തുകള്‍ ഒന്നുമില്ലാതെ മടങ്ങുന്ന നിമിഷങ്ങള്‍ മനസ്സിനു ശൂന്യത മാത്രം സമ്മാനിച്ചു. വീട്ടുകാര്‍ ആവട്ടെ തുടര്‍ച്ചയായി എഴുത്തുകള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ആരൊടെന്നില്ലാതെ പരിഭവിച്ചു. "ഇവിടെ ഒരാളുടെയും കത്തൂല്ല വിവരൂല്ല" എന്ന പരാതി സ്നേഹവാത്സല്യങ്ങളുടെ പുറന്തോട്‌ മാത്രമായിരിക്കണം. തപാലാപ്പീസിന്റെ വരാന്തകളില്‍ സമ്മാനിക്കപ്പെട്ട എഴുത്തുകള്‍, ഇന്നലെകളില്‍ ലോകത്തിന്റെ എതോ കോണില്‍, നമ്മെ ആരെങ്ങിലും ഓര്‍ക്കുകയോ പരിഗണിക്കുകയോ ചെയ്തു എന്ന സംതൃപ്തി പകര്‍ന്നു.

പോസ്റ്റ്‌ കാര്‍ഡുകള്‍, കവറുകല്‍ തുടങ്ങിയ ഉപാധികള്‍ ഇന്‍ലെന്റിനെ കൂടാതെ ആശയവിനിമയങ്ങള്‍ക്ക്‌ സഹായകരമായി. കത്തെഴുത്തില്‍ തനതായി വ്യക്തിത്വം സ്ഥാപിച്ചെടുത്തു ദുബായ്‌ കത്തുകള്‍. അവ പ്രവാസ ജീവിതങ്ങളുടെ നിശബ്ദമായ വിലാപത്തിന്റേയും പ്രാര്‍ത്ഥനകളുടെയും വിലയനമായിരുന്നു. വിരഹിത മനസ്സുകളുടെ സങ്കീര്‍ത്തനമായി അവ പരിഭാഷപ്പെട്ടു. എന്നാല്‍ ക്ഷണിക്കപ്പെടാത്ത അതിഥികള്‍ ആയിരുന്നു ടെലിഗ്രാമുകള്‍. അപൂര്‍വമായി പടികടന്നെത്തിയ ടെലിഗ്രാമുകള്‍ പ്രിയപ്പെട്ടവരുടെ വിയോഗങ്ങള്‍ യാന്ത്രിക ഭാഷയില്‍ പറഞ്ഞൊപ്പിച്ചു. എന്നാല്‍ ഉത്സവകാലങ്ങളിലും കുടുംബ വിശേഷ വേളകളിലും ടെലിഗ്രാം ദുരുപയോഗം ചെയ്യപ്പെടാതിരുന്നില്ല. ഇത്തരം അവസരങ്ങളില്‍ എന്നോ മരിച്ച അമ്മൂമ്മമാരും അമ്മാവന്മാരും വീണ്ടും വീണ്ടും ദുരന്തകഥാപാത്രങ്ങളായി പേരമക്കളേയും മരുമക്കളേയും നാട്ടിലേക്കെത്തിച്ചു.

'അയച്ച കത്ത്‌ കിട്ടി. വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷിക്കുന്നു' എന്ന പരമ്പരാഗത എഴുത്ത്‌ രീതിയെ ധിക്കരിച്ച ചില എഴുത്ത്‌ രീതികള്‍ അനുഭവിക്കാനും കഴിഞ്ഞിരുന്നു. നിശിതമായ നര്‍മ്മബോധമായിരുന്നു ആ ധിക്കാരങ്ങളുടെ കാതല്‍. ചിലര്‍ ഇന്‍ലന്റിന്റെ എല്ലാ കോണിലും അക്ഷരങ്ങള്‍ നിരത്തി, ഇന്‍ലന്റ്‌ തുറക്കുന്ന അവസരത്തില്‍ അങ്ങിനെ പലതും നഷ്ടപ്പെടുകയും ചെയ്തു. ചിലരാകട്ടെ എഴുത്തിന്റെ അവസാന ഭാഗത്തില്‍ 'ഇവിടെ സമയം രാത്രി 10മണി. മഴ പെയ്തു തോര്‍ന്നതേയുള്ളൂ' എന്നോ മറ്റോ ചെര്‍ത്ത്‌ അവരനുഭവിച്ച കാലത്തെ ചുരുക്കെഴുത്തിലൂടെ പകരാന്‍ മുതിര്‍ന്നു.

വിവര സാങ്കേതിക സംവിധാനങ്ങളുടെ ആധിക്യത്തോടെ തപാല്‍ ഓഫീസും അഞ്ചല്‍ക്കാരനുമൊക്കെ പലപ്പോഴും പ്രഹസന കഥപാത്രങ്ങളായി. തങ്ങളെ സമൂഹ മുഖ്യധാരയില്‍ നിന്നും പുറന്തള്ളിയ ടെലിഫോണ്‍ സങ്കേതത്തിന്റെ പറ്റും പലിശയും സ്വീകരിക്കുന്ന തപാലാപ്പീസുകള്‍ ഫലിതത്തിന്റേയും ദുരന്തത്തിന്റേയും ഇടയിലുള്ള ഭൂമികയില്‍ ഇടം കണ്ടെത്തുകയാണോ?

ഈയിടെ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും ഒരു പോസ്റ്റ്‌കാര്‍ഡ്‌ ലഭിക്കാനിടയായി. സഹപാഠി പണ്ടെപ്പൊഴോ അയച്ചതാണ്‌. "ഇന്ന് രാവിലെ അവിചാരിതമായി മഴപെയ്തപ്പോഴേ തോന്നി, എന്തോ സംഭവിക്കാനിടയുണ്ടെന്ന്. നിന്റെ കത്ത്‌ ഉച്ചക്ക്‌ കിട്ടിയപ്പോള്‍ ആ ധാരണ ബോധ്യപ്പെടുകയും ചെയ്തു" ഇങ്ങിനെ തുടങ്ങുന്ന സ്നേഹാക്ഷരങ്ങള്‍. പൊയ്‌പോയ കാലങ്ങള്‍ താണ്ടി, വഴിതെറ്റിയൊരു മഴമേഘം തിടുക്കത്തില്‍ ഹൃദയം തൊട്ടുഴിഞ്ഞുപോയി. ആ എഴുത്തിന്‌ മറുപടി അയച്ചുവോ എന്ന് പോലും ഇപ്പോള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല. (അവിചാരിതങ്ങളായ മഴകള്‍ തുടര്‍ന്ന് അനുഭവിപ്പിക്കാന്‍ കഴിയാത്ത ഈ സുഹൃത്തിനോട്‌ പൊറുക്കുക)

സുഹ്രുത്തുക്കളുടെ പ്രേരണ കൊണ്ടാണ്‌ ഇ-മെയില്‍ സംവിധാനത്തില്‍ ഒരു വരി മേല്‍വിലാസത്തിന്റെ ഉടമയായത്‌. അപരിചിതരോട്‌ വിമുഖതയില്ലാതെ സംവദിക്കാന്‍ അത്‌ പ്രേരണയുമായി. ആ അലസ പ്രയാണത്തില്‍ എവിടേയൊ വെച്ച്‌ മുഖവും മുഖവരയുമില്ലാതെ തന്നെ ഒരാളുമായി നിതാന്ത സൗഹൃദത്തിലുമായി. കൈമോശം വന്നെന്ന് കരുതിയ കത്തെഴുത്തിന്റെ കൈത്തഴക്കം വീണ്ടെടുത്തത്‌ ഈ ആകസ്മിക സൗഹൃദമായിരുന്നു. ചിലപ്പോഴെങ്ങിലും കാലം വിരസത കൂടാതെ തന്നെ ആവര്‍ത്തിക്കുന്നു.

അതെ, ആത്മാവില്ലാത്ത ഫോര്‍വേഡ്‌ മെയിലുകള്‍ തീര്‍ക്കുന്ന ഇന്‍ബോക്സിന്റെ നെടുനീളന്‍ വരാന്തകള്‍ക്കിടയില്‍ എനിക്കായി മാത്രം എഴുതപ്പെട്ട കത്തുകള്‍ക്കായി കാത്തു നില്‍പ്പാണ്‌, ഇപ്പൊഴും.

Sunday, December 14, 2008

കണ്യാര്‍കളി

പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ ഇന്നും സജീവമായി
കൊണ്ടാടുന്ന ഒരു അനുഷ്ടാന നാടന്‍കലാരൂപമാണ്‌ 'കണ്യാര്‍കളി'. ഭഗവതിക്കാവുകളില്‍
രാത്രിയാണ്‌ കണ്യാര്‍കളി അവതരിപ്പിക്കുന്നത്‌. നാലു ദിവസം വരെ തുടര്‍ച്ചയായി
ഇതു അരങ്ങേറാറുണ്ട്‌. കുംഭം, മീനം, മേടം, ഇടവം മാസങ്ങളില്‍
ഭഗവതിക്കാവിനോടനുബന്ധിച്ചുള്ള ദേശമന്ദത്ത്‌ കണ്യാര്‍കളി വിളക്കു തെളിയും.
ദേശത്തെ പുരുഷ പ്രജകള്‍ മാത്രം പങ്ങെടുക്കുന്ന കണ്യാര്‍കളി ദേശത്തുകളി,
മലമക്കളി എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്‌. ദേശമന്ദത്ത്‌ തയ്യാറാക്കുന്ന
ഒന്‍പത്‌കാല്‍ പന്തലാണ്‌ കണ്യാര്‍കളി അരങ്ങ്‌. 45 കോല്‍ ചുറ്റളവുള്ള
പച്ചപന്തല്‍ കുരുത്തോലയാലും പുഷ്പങ്ങളാലും അലങ്ങരിക്കും. ആസ്വാദകര്‍ പന്തലിന്റെ
നാലുവശത്തു നിന്നും ഈ കലാപ്രകടനം വീക്ഷിക്കും. 'പൊന്നാന', 'ആണ്ടിക്കൂത്ത്‌',
'വള്ളോന്‍', 'മലമ' എന്നിങ്ങിനെയാണ്‌ നാലു ദിവസങ്ങളിലെ കണ്യാര്‍കളി രാവുകളെ
വിഭജിച്ചിരിക്കുന്നത്‌. ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം, കുറുകുഴല്‍
എന്നിവയാണ്‌ വാധ്യോപകരണങ്ങള്‍. ഇതില്‍ മദ്ദളവും, കുറുകുഴലും അനുഷ്ടാന അംശങ്ങള്‍
ഏറെയുള്ള വട്ടക്കളിയില്‍ മാത്രമേ കാണാറുള്ളൂ. കണ്യാര്‍കളിയില്‍ പ്രധാനമായും
രണ്ടു ഘടകങ്ങള്‍ ആണ്‌ ഉള്ളത്‌. അനുഷ്ടാന സ്വഭാവമുള്ള 'വട്ടക്കളി'യും വിനോദ
അംശങ്ങള്‍ക്കു പ്രാധാന്യമുള്ള പുറാട്ടുകളും. വട്ടക്കളിയില്‍ ദേശത്തെ ആബാലവൃദ്ധം
പുരുഷപ്രജകളും പങ്ങെടുക്കും. ദേവീ സ്തുതിയും തത്വചിന്താപരമായ ശകലങ്ങളാലും
സമ്പന്നമാണ്‌ വട്ടക്കളിപ്പാട്ട്‌.

മുപ്പത്തിമൂന്നു മരം നട്ടകാലം
മൂന്നുമരമതിലേറെ മുളച്ചു
മൂന്നുമരമതില്‍ തനിമരം വേറെ
ആ മരം പൂത്തൊരു പൂവാണെന്‍ കയ്യില്‍

ഇതില്‍ മുപ്പത്തിമുക്കോടി ദേവകളെയും, ത്രിമൂര്‍ത്തികളെയും എല്ലാറ്റിലുമടങ്ങിയ
ഈശ്വര ചൈതന്ന്യത്തെയും ലളിതമായി വ്യക്തമാക്കുന്നു.


വട്ടക്കളിക്കു ശേഷം പുറാട്ടുകളുടെ വരവായി. പുറാട്ടുകള്‍ ജാതീയ സമൂഹങ്ങളുടെ
പ്രതീകങ്ങളാണ്‌. വേട്ടുവകണക്കര്‍, മലയര്‍, തൊട്ടിയര്‍, കുറവന്‍-കുറത്തി,
ഇരട്ടക്കൂടാന്‍ തുടങ്ങിയ വിവിധതരം പുറാട്ടുകള്‍ അരങ്ങത്തെത്താറുണ്ട്‌.
പുറാട്ടുകളിലൂടെ ഒരുകാലത്ത്‌ നടമാടിയിരുന്ന അയിത്തത്തെയും അനാചാരത്തെയും
എതിര്‍ത്തുള്ള പ്രതികരണങ്ങല്‍ കാണാം.

കൂടാനും തമ്പുരാനും ഭേദമെന്താണ്‌
മേലെ വരമ്പിലൂടെ തമ്പുരാന്‍ പോണ്‌ - ഐ
താഴേ വരമ്പിലൂടെ കൂടാനും പോണ്‌ - തൈ തൈ

ചാന്ത്‌ മണിയിട്ടിതാ തമ്പുരാന്‍ പോണ്‌ - ഐ
ചെറു മണിയിട്ടിതാ കൂടാനും പോണ്‌ - തൈ തൈ

എന്നിങ്ങനെ പറഞ്ഞു അവസാനം കൂടാനും തമ്പുരാനും ഭേദമിതാണ്‌ എന്നു പറയുന്ന കൂടാന്‍
പോയകാലത്തെ സാമൂഹിക ചരിതം വ്യക്തമായി രേഖപ്പെടുത്തുന്നു.

പുറാട്ടുകളെ രാജാപുറാട്ട്‌, കരിപുറാട്ട്‌, മനയോലപുറാട്ട്‌ എന്നിങ്ങിനെ
തരംതിരിക്കാം. രാജപുറാട്ടുകള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനത്താലും പതിഞ്ഞ
താളത്തിലുള്ള അവതരണത്താലും ശ്രദ്ധേയമാണ്‌. കൂട്ടതൊട്ടിയര്‍, ചക്കിലിയര്‍,
പൂശാരികള്‍ എന്നിങ്ങിനെയാണ്‌ രാജാപുറാട്ടുകള്‍. തമിഴ്‌ ഭാഷയുടെ സ്വാധീനം
രാജപുറാട്ടുകളില്‍ പ്രകടമാണ്‌.

കരിപുറാട്ടുകള്‍ ദ്രുധഗതിയിലുള്ള താളത്താലും ചുവടുവെപ്പുകളാലും സമ്പന്നമാണ്‌.
മലയര്‍, വേട്ടുവക്കണക്കര്‍, കൂടാന്മാര്‍ എന്നിങ്ങിനെയാണ്‌ കരിപുറാട്ടുകള്‍.

മനയോല പുറാട്ടുകള്‍ വേര്‍പിരിഞ്ഞ ദമ്പതികളുടെ കൂടിചേരലിന്റെ കഥ സരസമായി
പറയുന്നു. കുറത്തി-കുറവന്‍, ചെറുമി-ചെറുമന്‍, മണ്ണാത്തി-മണ്ണാന്‍ തുടങ്ങി അനേകം
മനയോല പുറാട്ടുകള്‍ ഉണ്ട്‌. പുരുഷന്മാര്‍ തന്നെയാണ്‌ സ്ത്രീ വേഷം ധരിച്ച്‌
കളിക്കുന്നതും.

കണ്യാര്‍കളി അവതരണത്തിന്റെ പ്രാരംഭ ചടങ്ങ്‌ 'കളി കുമ്പിടല്‍' ആണ്‌.
ക്ഷേത്രമുറ്റത്തോ, അഭ്യാസപന്തലിലോ വെച്ച്‌ ഈ ചടങ്ങ്‌ നടക്കുന്നതോടു കൂടി
കണ്യാര്‍കളി അഭ്യാസം ആരംഭിക്കുന്നു. നിരന്തരമായ പരിശീലനത്തിലൂടെ അരങ്ങിന്‌
കലാകരന്മാരെ സജ്ജമാക്കലാണ്‌ അഭ്യാസ പ്രക്രിയയിലൂടെ നടക്കുന്നത്‌.

അരങ്ങ്‌ ദിവസങ്ങളില്‍ ദീപാരധനക്കു മുമ്പു തന്നെ ദേശമന്ദത്ത്‌ 'കേളി' പതിവാണ്‌.
അന്നേ രാത്രിയില്‍ ദേശമന്ദത്ത്‌ കണ്യാര്‍കളി നടക്കുന്നുവെന്നതിന്റെ വിളംബരമാണു
വൈകീട്ട്‌ നടത്തപ്പെടുന്ന കേളി. രാത്രി ഒമ്പത്‌ മണിയോടടുത്ത്‌ ക്ഷേത്രത്തില്‍
വെച്ച്‌ തന്നെ വീണ്ടും കേളി കൊട്ടുന്നു. കേളിക്കു ശേഷം അരങ്ങു പന്തലിലേക്ക്‌
കൊട്ടി പുറപ്പെടുകയായി. വട്ടകളിക്കു പങ്ങെടുക്കുന്നവര്‍ ഒന്നിച്ച്‌ നിരന്ന്
പന്തല്‍ പ്രവേശം നടത്തുന്നു.

കണ്യാര്‍കളി സമാപിക്കുന്നത്‌ 'പൂവാരല്‍' ചടങ്ങോടു കൂടിയാണ്‌.

പാലക്കാട്‌ ജില്ലയിലെ മഞ്ഞളൂര്‍, കാക്കയൂര്‍, കൊടുവായൂര്‍, നെന്മാറ,
അത്തിപൊറ്റ, പല്ലശ്ശെന, പുളിനെല്ലി, കുഴല്‍മന്ദം തുടങ്ങി അനേകം ദേശങ്ങളില്‍
കണ്യാര്‍കളി വിവിധ സമയങ്ങളിലായി അരങ്ങേറാറുണ്ട്‌. അതാത്‌ പ്രദേശത്ത്‌ ആളുകള്‍
തന്നെ അവതരിപ്പിക്കുന്ന കണ്യാര്‍കളി ദേശത്തിന്റെ ഒരുമയുടെയും പെരുമയുടെയും
വിളംബരം കൂടിയാണ്‌.

Sunday, August 3, 2008

വിവര്‍ത്തനം...

കാത്തിരുപ്പിന്റെ കടവത്ത്‌,
കാലമെത്രയോ കഴിഞ്ഞാണ്‌
പ്രണയം ഒരു വെറും കളി-
വാക്കെന്നു പറഞ്ഞ്‌ കളിത്തോഴിയുടെ
കടലാസ്‌ തോണിയടുത്തത്‌

നിതാന്ത സൗഹൃദം കൊണ്ടു
തന്നെയാവണം പിന്നില്‍
നിന്നാണ്‌ സ്നേഹിതന്‍
ആഴത്തില്‍ കത്തിയാഴ്ത്തിയതും

കലങ്ങിയൊരു പകല്‍
സന്ധ്യായി തുടങ്ങുമ്പോഴേക്കും
എത്ര വികലമായ്‌ എന്നെ
തന്നെ വിവര്‍ത്തനം ചെയ്തെന്ന
പൊരുള്‍ പൊള്ളലോടെ...

Sunday, January 27, 2008

കറുത്ത പക്ഷത്തെ വെളുത്ത പൂക്കള്‍

ഒലവക്കോട്‌ റയില്‍വേ സ്‌റ്റേഷന്‍ പിന്‍വശത്തുള്ള പാര്‍ക്കിംഗ്‌ ഏരിയായില്‍ ഞങ്ങളെത്തുംബോള്‍ റയില്‍വേയുടെ പതിവു ഉപചാരം വ്യക്തമായി കേള്‍ക്കാമായിരുന്നു."യാത്രക്കാരുടെ ശ്രദ്ധക്ക്‌...." തങ്ങളുടെ പതിവു യാത്രകളില്‍ ഒരിക്കല്‍ പോലും കണിശത പുലര്‍ത്താത്ത എന്റെ സ്‌നേഹിതര്‍ അന്നും പതിവു തെറ്റിച്ചില്ല. ഒരേ തൂവല്‍ പക്ഷികളെന്നൊണം റെയില്‍വെയും. രാത്രി 10.30 ന്‌ എത്തേണ്ട യശ്വന്ത്‌പ്പൂര്‍ എക്സ്പ്രസ്സ്‌ പത്ത്‌ നിമിഷം വൈകി എത്തുന്നതിന്റെ വിളംബരമായിരുന്നു തുടര്‍ന്നു ഞങ്ങള്‍ കേട്ടത്‌.

കാത്തിരിപ്പിന്റെ വിരസതയകറ്റാന്‍ തന്നെയാണ്‌ പാര്‍ക്കിങ്ങ്‌ ഏരിയായിലെ വെള്ളി വെളിച്ചത്തില്‍ കുളിച്ച്‌ നില്‍ക്കുന്ന മരത്തിലേക്കു ശ്രദ്ധ തിരിച്ചത്‌. നിഴലു പോലും പൊഴിക്കാനാവാതെ, നിര്‍ലോഭം ചൊരിയുന്ന പ്രകാശധാരയില്‍ വീര്‍പ്പടക്കി നിന്നത്‌ ഒരു പാലമരമായിരുന്നു.. അതെ! പാലമരം! പുരാവൃത്തങ്ങളിലും മുത്തശ്ശിക്കഥകളിലും മറ്റും എത്രയോ തവണ ആവര്‍ത്തിക്കപ്പെട്ട പാലമരം തന്നെ.

ഇരുളിലും വിജനതയിലും വേരുകളാഴ്‌ത്തി, അതു വഴി കടന്നു പോകുന്ന പഥികര്‍ക്കു സാഹസികതയും ഏറെ സംഭീതിയും പകര്‍ന്ന വൃക്ഷം. ഇതിന്റെ ശാഖികളിലാണു കറുത്ത രാവിന്റെ സുന്ദരികള്‍ മുറുക്കി ചുവന്ന് യാത്രികരെ കാത്തിരുന്നത്‌. വിജനവീഥിയിലെ അപൂര്‍വ്വ അതിഥികളില്‍ നിന്നും മുറുക്കാന്‍ ക്കൂട്ട്‌ യാചിച്ച ഇവര്‍ ഒരിക്കലും ഒടുങ്ങാത്ത ജീവിതരതിയുടെ പ്രതീകങ്ങളായിരിക്കണം. സഞ്ചാര കുതുകികളായ ഗന്ധര്‍വര്‍ക്കാവട്ടെ വഴിത്താവളമായിരുന്നത്രേ പാലമരം. കലിയുഗത്തില്‍ ഗന്ധര്‍വ്വര്‍ ഈ വൃക്ഷത്തെ കൈവിടും എന്ന കഥയുമുണ്ട്‌. കഥകള്‍! കഥകള്‍! അവിടുത്തെ നിഴലും ശബ്ദവും പൊലിപ്പിച്ചെടുത്ത എത്ര എത്ര ഭ്രമകല്‌പനകള്‍! ഏതായാലും ബോധമണ്‌ടലത്തിന്റെ വിളിപ്പാടകലെ ആ അഭൗമ പരിസരത്തെ മാറ്റി നിര്‍ത്തനായിരുന്നു കാലങ്ങളോളം താല്‍പര്യപ്പെട്ടത്‌.

പിന്നീടെപ്പോഴൊ പഴമ്പുരാണങ്ങളിലെ ഈ പതിവുകാരന്‍, ഉള്ളലിഞ്ഞു പൂക്കുന്ന പാലപ്പൂവിന്റെ തീവ്രസുഗന്ധമായി, യാദൃശ്ചികങ്ങളായ നിശാസഞ്ചാരങ്ങളക്കു സാമീപ്യവും കൗതുകവുമായി. അതിനുമെത്രയൊ മുന്‍പു ഈ അലൗകിക പശ്ചാത്തലം, ദുര്‍ഗ്രഹതയുടെ സത്യസൗന്ദര്യം വെളിവാക്കുന്ന ചലച്ചിത്ര ദൃശ്യയമായി മനസ്സില്‍ ഇടം നേടിയിരുന്നു. പത്മരാജന്‍ തന്റെ അവസാന ചലച്ചിത്ര സാക്ഷാത്ക്കാരത്തില്‍ രേഖപെടുത്തിയ ഒരു ദൃശ്യാനുഭവം! പ്രകൃതിയുടെ നിഗൂഡതകളത്രെയും ഒളിപ്പിച്ചു നില്‌ക്കുന്ന ഒരു പാലവൃക്ഷത്തിനരികില്‍, എന്തോ വായിച്ചെടുക്കാന്‍ ശ്രമിച്ച്‌, പൊരുളറിയാതെ പകച്ചു നില്‌ക്കുന്ന നിരാലംബയായ ഒരു പെണ്‍ക്കുട്ടിയുടെ വിദൂര ദൃശ്യമായിരുന്നു അത്‌.

ഇപ്പൊള്‍, ഇവിടെ, രാവ്‌ പകലാക്കുന്ന ദ്യുതിസങ്കേതങ്ങളില്‍, വ്യക്തിത്വമത്രയും ചോര്‍ന്ന് വിഹ്വലതയോടെ നില്‍ക്കുന്ന പാലമരം, ഏത്‌ ദുരന്തനാടകത്തിന്റെ അന്ത്യരംഗമാവും ആടിതീര്‍ക്കുന്നത്‌? അര്‍ദ്ധരാത്രിയേടടുത്ത ഈ സമയത്തും, വൈകി വന്ന യാത്രികര്‍ പാര്‍ക്കിംഗ്‌ ഏരിയായിലെ ഈ നിശബ്‌ദസാന്നിധ്യത്തെ, പരിഗണിക്കുക പോലും ചെയ്യാതെ നഗരത്തിന്റെ നിലക്കാത്ത ഗതഗത സമസ്യകളിലേക്ക്‌ അനായാസം കടന്നു കയറി.

" യാത്രക്കാരുടെ ശ്രദ്ധക്ക്‌...." ചിന്തകളെ ശിഥിലമാക്കിയ ആ ശ്രദ്ധക്ഷണിക്കല്‍ വാസ്തവത്തില്‍ എവിടെ നിന്നായിരിക്കാം കേട്ടത്‌?

Friday, September 28, 2007

എന്റെ റേഡിയോ ദിനങ്ങള്‍, നിങ്ങളുടേതും ?

സുഖസുഷുപ്തിയുടെ വിരാമത്തിലെവിടെയോ സുഭാഷിതത്തിലൂടെയൊ പ്രാദേശിക വാര്‍ത്തയിലൂടെയൊ മറ്റോ, ഉണര്‍ന്നിരുന്ന ഒരു ഭൂതകാലം, സുഹൃത്തേ താങ്കള്‍ക്കുമില്ലേ ? അതു കൊണ്ടു തന്നെയാവണം നമ്മുടെ ബോധ അബോധ തലങ്ങളിലെവിടെയോ ട്യൂണ്‍ ചെയ്ധു വെച്ചിരുന്ന റേഡിയോ സ്ഥാനം പിടിച്ചത്‌. വാര്‍ത്താവായനയുടെ ഗന്ധര്‍വ സ്വരമായ രാമചന്ദ്രന്‍, വെന്മണി വിഷ്ണു, പ്രതാപന്‍ തുടങ്ങിയവര്‍ നമ്മെ പുലര്‍കാല സ്വപ്ന സീമകളില്‍ നിന്നും യാഥാര്‍ത്ഥത്തിലേക്ക്‌ ക്ഷണിച്ചു. എട്ടു മണിക്ക്‌ തുടങ്ങിയിരുന്ന ദെശീയ വാര്‍ത്ത ബുള്ളെറ്റിനുകളാവട്ടെ നമ്മുടെ ഘടികാര ക്രമീകരണങ്ങളുടെ അടിസ്ഥാനം തന്നെയായിരുന്നു. സൂക്ഷ്മമായ കാലനിര്‍ണ്ണയത്തിനു ഈയടുത്ത കാലം വരെയുള്ള എകാലംബനം.


ആഢത്ത്വം തുളുമ്പുന്ന വാള്‍വ്‌ റേഡിയോ, സാധാരണക്കാരുടെ ട്രാന്‍സിസ്റ്റര്‍, ഉത്തരാധുനികരുടെ പൊക്കറ്റ്‌ റേഡിയോ എന്നിങ്ങനെ ഏവരേയും തൃപ്തിപ്പെടുത്തുന്ന മോഡല്‍ വൈജാത്യം അവക്കുണ്ടായിരുന്നു. വീടുകളില്‍ മാത്രമല്ല ചായക്കട, ബാര്‍ബര്‍ ഷാപ്പ്‌ എന്നിവടങ്ങളിലെല്ലാം അവ പ്രക്ഷെപണ സങ്കേതങ്ങള്‍ അനുഭവവേദ്യമാക്കി. സായാഹ്‌നങ്ങളിലെ അലസസഞ്ചാരത്തിനു വരെ ചിലര്‍ റേഡിയോയെ ക്കൂട്ടുപിടിച്ചു.

റേഡിയോ ഒരു പക്ഷെ അതിന്റെ അസ്തിത്വം കണ്ടെത്തിയത്‌ ചലച്ചിത്ര ഗാനശാഖയിലൂടെയാവണം. ആകാശവാണിയിലൂടെ ഒഴുകി വന്ന ഗാന
നിര്‍ഝരി ശ്രോതാക്കളില്‍ അനുഭൂതികളുടെ ആയിരം പാരിജാതങ്ങള്‍ വിടര്‍ത്തി. പ്രഭാത പ്രദോഷങ്ങള്‍ക്കിടയിലെ ഉണര്‍വ്വിന്റെ വേളകളാകമാനം അവ സംഗീത സാന്ദ്രമാക്കി. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത്‌ മനസ്സിനെ തൊട്ടുണര്‍ത്തുന്ന പ്രിയ ഗാനങ്ങള്‍ ! അതെ, ആകസ്മിക സൗന്‌ദര്യം തന്നെയായിരുന്നു റേഡിയോ ഗാനങ്ങളുടെ മുഖമുദ്ര. മഞ്ഞളി പൂനിലാവ്‌ മഞ്ഞളരച്ചു നീരാടിയ ഒരു വെളുത്ത പക്ഷത്ത്‌, അവിചാരിതമായി അതെ ഗാനം റേഡിയോവിലൂടെ ഒഴുകിയെത്തിയപ്പോള്‍ കാലവും കലയും വേര്‍തിരിച്ചറിയാനാവാതെ കേവല പ്രാണന്‍ പകച്ചു.



ഇമ്പമാര്‍ന്ന ശബ്ദങ്ങള്‍ കൊണ്ടു മാത്രം ജീവിതത്തിന്റെ താപവും കോപവും ആമോദവുമെല്ലാം പൊലിപ്പിച്ചു കാട്ടിയ റേഡിയോ നാടകങ്ങള്‍ എങ്ങനെ മറക്കാനാണ്‌. നാടകവാരങ്ങള്‍ക്ക്‌ നന്ദി! ( ആ മധുരശബ്ദങ്ങള്‍ക്കുടമകള്‍ സുന്ദരികളും സുന്ദരന്മാരും തന്നെയായിരിക്കണം). നാടകങ്ങള്‍ക്ക്‌ പുറമെ യുവവാണി, വയലും വീടും, പലരും പലതും, കമ്പൊള നിലവാരം തുടങ്ങിയ പ്രക്ഷേപണ കലാ വൈവിധ്യത്തിലൂടെ സമസ്ത ജീവിതത്തിന്റെ പരിഛേദമായതും അതേ ശബ്ദ സുഭഗങ്ങള്‍ തന്നെ!



പ്രക്ഷേപണം സംപ്രേഷണത്തിന്‌ വഴി മാറി കൊടുത്തത്‌ വളരെ പെട്ടെന്നു തന്നെയായിരുന്നു. റേഡിയോ ദൈനംദിന ജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായി തഴയപ്പെട്ടു. സ്വീകരണമുറിയിലെ പൊങ്ങച്ച ഷോക്കേസുകളിലെ ഗ്രാമഫോണിന്റെയോ എന്തിന്‌, മുറുക്കാന്‍ ചെല്ലത്തിന്റെ പോലും വിശിഷ്ട സ്ഥാനം ലഭിക്കാതെ തന്നെ! ( ദൃശ്യ ചാരുതയുടെ അനന്ദസാധ്യതയുമായി വന്ന പിന്‍മുറക്കാരന്‌ പക്ഷെ വിഡ്ഢിപ്പെട്ടി എന്ന ആക്ഷേപത്തിനര്‍ഹനാവാനേ കഴിഞ്ഞുള്ളു).



ഈയിടെ ഒരു രാവു മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കാര്‍ യാത്രക്കിടയില്‍ സുഹൃത്തുക്കളിലാരോ F.M റേഡിയോ ട്യൂണ്‍ ചെയ്തത്‌ യാദൃഛികമായിരുന്നു.( ആ യാത്ര ഒരു സുഹൃത്തിന്റെ പ്രണയസാക്ഷാത്‌കാരത്തില്‍ പങ്കു ചേരാനുമായിരുന്നു). രാത്രിയായതു കൊണ്ടാവാം, നിലാവിനെ കുറിച്ച്‌ മാത്രമുള്ള സൗമരസ്യം തുളുമ്പുന്ന ഭാവഗാനങ്ങള്‍! ആകസ്മിക സൗന്ദര്യം പൂത്തുലയുകയായിരുന്നു, വീണ്ടും! വിജന പഥങ്ങളിലെ ഇരുളില്‍ പൊടുന്നനെ നിലാവുദിച്ചതും, അത്‌ യാത്രയിലുടനീളം സഞ്ചാരികളെ അനുഗമിച്ചതും സ്വപ്നസമാനമായ അനുഭവം തന്നെയായിരുന്നു. അല്ലെങ്കില്‍ വെഗതയുടെയും വിസ്‌മൃതിയുടെയും അഭിനവലൊകത്ത്‌, ഞാനിവിടെ തന്നെയുണ്ട്‌ എന്ന മട്ടില്‍ പ്രക്ഷേപണി നടത്തിയ കുറ്റപ്പെടുത്തുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍!

Friday, March 16, 2007

നിറകണ്‍ചിരിയോടെ...

ഓര്‍ക്കുന്നുവൊ നി ? (മറക്കുക) മുറ പോലെ,
നാം തമ്മില്‍ കണ്ടു പറഞ്ഞു പലതും,
അങ്ങിനെ പ്രണയിച്ച്‌... അല്ല, പരസ്പരം സന്ദേഹിച്ച്‌
പിരിഞ്ഞ സന്ധ്യകളനവധി.

പിന്നെ ഞാനും നീയുമായി
നമ്മെ എന്നേക്കും അകലങ്ങളിലേക്കെറിഞ്ഞ ഇടവഴികള്‍ക്ക്‌ മുമ്പ്‌,
കരളുരുകുമ്പോഴും കരയാതെ,
ചിരിച്ചുപചാര സൗഖ്യങ്ങള്‍ നേര്‍ന്ന്പിരിഞ്ഞൊരാ
നടനവൈഭവം നമ്മെ(എന്നെ) കൈവിടാതിരുനെങ്കില്‍.

സഖി, പൊയ്‌ മുഖമണിഞ്ഞ്‌ നാം
തമ്മിലാടിയ കപടനാടകം തീര്‍ന്നതും,
നേരായ ജീവിതപൊരുളുകള്‍ ചമയപൊലിമകള്‍ നീക്കവേ
മുന്നില്‍ തെളിയുന്നു,
കലങ്ങിയ കണ്ണുകള്‍, കലങ്ങാത്ത കണ്ണുനീര്‍