Friday, February 23, 2007
ജീവന്റെ വൃക്ഷം...
ആലും ആല്‍ത്തറയും അവിടുത്തെ ഇത്തിരി തണലും നമ്മുക്കേറെ പ്രിയപെട്ടതാവുന്നതു എന്തു കൊണ്ടാണ് ? അവ നമ്മുടെ തീക്ഷ്ണമായ കൗമാരത്തേയും പ്രസരിപ്പ്പാര്ന്ന യൗവ്വനത്തേയും പ്രതിനിധാനം ചെയ്യുന്ന ഭൂമിക ആയതു കൊണ്ടാവാം. ഏതായാലും ആഴവും പരപ്പുമാര്‍ന്ന സൗഹൃദങ്ങള്‍ തേടി ഈ വേദികയില്‍ കയറി ഇരുന്നപ്പോള്‍ അതു " ഞാനിതാ ഒരു പുരുഷനായിരുക്കുന്നു' എന്ന രഹസ്യ പ്രഖ്യാപനം കൂടി ആയിരുന്നു. ചില സമാനഹൃദയരെ എങ്കിലും സമ്മാനിച്ച വഴിയമ്പലം. അവിടെ ഞങ്ങളുടെ ചപലമായ നേരമ്പോക്കുകള്‍ പോലും ബലിഷ്ടമായ ചില്ല്ലകള്‍ കുലുക്കി ആസ്വദിക്കാന്‍ നീ ഉദാരമനസ്കത കാട്ടി. മനസ്സിലെപ്പൊഴൊ അനുവാദം കൂടാതെ കയറിപറ്റിയ പ്രണയത്തെ പറ്റി പ്രിയമാനസനോടു ആദ്യമായി പങ്കു വെച്ചതു ഈ തണല്‍ പകര്‍ന്ന ആത്മവിശ്വാസത്തിലായിരുന്നു.പിന്നീടെപ്പൊഴൊ നഷ്ടപ്രണയത്തിന്റെ വ്രണിത ഹൃദയത്തിനു സമാശ്വാസത്തിന്റെ തെന്നല്‍ കുറിപ്പുകള്‍ നീ സമൃദ്ധമായി പകര്‍ന്നു തന്നു. ഏറെ തലമുറകള്‍ക്ക് തണലേകിയ ഈ വേദികയില്‍ ഒരു നിസ്സാര ജീവനും പ്രസക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ മറക്കാനാവാത്ത ആ സായന്തനം!! അരികില്‍, പ്രവാസകാലത്തിന്റെ ഇടവേളയില്‍ ഈ തണലില്‍ വന്ന അപരിചിതന് എന്തോ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുന്നു. സംവേദനത്തിന്റെ ഏതോ തലത്തില്‍ അയാള്‍ തന്റെ നഷ്ടപെട്ട കാലവും ഇടവും തിരിച്ച് പിടിച്ച്, കൃതാര്‍ത്ഥതയോടെ നടന്നു നീങ്ങുന്നത് ഞങ്ങള്‍ കോരിത്തരിപ്പോടെ കാണുന്നു.അപ്പോള്‍, അപ്പോള്‍ മാത്രം ഇവിടെ അനന്തമായ കാലം തളം കെട്ടി നില്‍ക്കുന്നത് ഞങ്ങള്‍ അറിയുന്നു.
ഗുരുവന്ദനം...
ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത് എന്നാണല്ലൊ . എന്നാ പിന്നെ ആശാന്റെ നെഞ്ചത്ത് തന്നെ ആവട്ടെ ആദ്യ വന്ദനം. പരദെവതകള്, തറവാട്ടു ദൈവങ്ങള്‍, ചാത്തന്മാര് തുടങ്ങിയവര്‍ എല്ലാ സംഗതികളുടേയും രക്ഷക്കായി നില കൊള്ളുന്നു എന്നത് കൊണ്ടും ബ്ലോഗിനും അങ്ങനെയൊരു മുത്തപ്പന് വേണമെന്നു കരുതുന്നു. അതിനായി എല്ലാം കൊണ്ടും അര്‍ഹന്‍ വിശാലമനസ്കനാണെങ്കിലും അദ്ദെഹത്തെ മാലയിട്ടു തേങ്ങാ ഉടച്ചു പ്രാര്‍ഥിക്കാന്‍ നിവര്‍ത്തിയില്ലാത്തതു കൊണ്ടും ആവാഹിച്ചെടുത്ത് വിഗ്രഹത്തില്‍ കുടിയിരുത്തി വണങ്ങാന്‍ താല്പര്യമില്ലാത്തതു കൊണ്ടും അദ്ദെഹത്തിന്റെ ബ്ലോഗിന്റെ ഐശ്വര്യമായ ശ്രി എടത്താടന്‍ മുത്തപ്പനെ വണങ്ങി ഇതിനു ആരംഭം കുറിക്കട്ടെ. എന്റെ ദേശത്തുളള ദേവിമാരും ദേവന്മാരും ഇപ്പൊ തന്നെ നാട്ടിലെ പെണ്പടകളെ പോലെ കുശുംബു തുടങ്ങുമെന്നിരിക്കെ അവരേയും കാണേണ്ട രീതിയില്‍ കണ്ടോളാം എന്നു ഓര്‍മപ്പെടുത്തുന്നു. ആവേശത്തിന്റെ പുറത്തുള്ള എഴുത്താവുമ്പം ഇത്തിരി ആക്രിയൊക്കെ കാണും. അതു താനെ കെട്ടടങ്ങി കൊള്ളും. കാര്യാക്കണ്ട. നിങ്ങള്‍ക്കു പറയാനുള്ളതു പറയാം. തെറ്റുകള്‍ ചൂണ്ടി കാണിക്കാം. ശാസിക്കാം. ഉപദേശിക്കാം. (പക്ഷെ ഞാന്‍ നന്നാവില്ല). "ഓ പിന്നെ ഓസോണ്‍ പാളി പിളര്‍ന്നു വന്ന അള്റ്റ്രാവൈലറ്റ് രശ്മികള്‍ വരെ ഈ തൊലി പുറത്ത് തട്ടി റിഫ്ലെക്റ്റ് ആയതാ... പിന്നെയല്ലെ നിങ്ങടെ ശാസനയും ഉപദേശവും." എന്ന ഭാവം എന്റെ മുഖത്ത് വിടരുന്നത് എന്റെ തെറ്റല്ല. ജന്മനാ ഉള്ളതാ. മാനുഫാക്ച്ചറിംഗ് ഡിഫക്റ്റ്.പിന്നെ എന്തിനും ഏതിനും ഒരു ഉപമ അലങ്കാരമായി വെക്കാനുള്ള ശ്രമം മൂലം (ഏച്ച് കെട്ടിയാ മുഴച്ചു നിക്കും എന്ന പോലെ) ചില്ലറ പാളിച്ചകളൊക്കെ ഉണ്ടാവാം. കാര്യാക്കണ്ട. പിന്നീട് ശീലായിക്കോളും.തല്ക്കാലം അത്രേന്നേ.
Subscribe to:
Comments (Atom)