
കത്തുകള്‍ അല്ലാതെ ആശയ വിനിമയത്തിന് മറ്റൊരു മാര്‍ഗ്ഗവും ഇല്ലാത്ത കാലമായിരുന്നു അത്. ഇളം നീല നിറമുള്ള ഇന്‍ലന്റില്‍ കടുംനീലയില്‍ എഴുതിയ അക്ഷരങ്ങള്‍ ക്ഷേമാന്വേഷണവും വിവാദവും വിരഹവും പങ്കുവെക്കാന്‍ സഹായിച്ചു. തപാലപ്പീസിന്റെ വരാന്തയില്‍ നിന്നും കത്തുകള്‍ ഒന്നുമില്ലാതെ മടങ്ങുന്ന നിമിഷങ്ങള്‍ മനസ്സിനു ശൂന്യത മാത്രം സമ്മാനിച്ചു. വീട്ടുകാര്‍ ആവട്ടെ തുടര്‍ച്ചയായി എഴുത്തുകള്‍ ഇല്ലാത്ത ദിവസങ്ങളില്‍ ആരൊടെന്നില്ലാതെ പരിഭവിച്ചു. "ഇവിടെ ഒരാളുടെയും കത്തൂല്ല വിവരൂല്ല" എന്ന പരാതി സ്നേഹവാത്സല്യങ്ങളുടെ പുറന്തോട് മാത്രമായിരിക്കണം. തപാലാപ്പീസിന്റെ വരാന്തകളില്‍ സമ്മാനിക്കപ്പെട്ട എഴുത്തുകള്‍, ഇന്നലെകളില്‍ ലോകത്തിന്റെ എതോ കോണില്‍, നമ്മെ ആരെങ്ങിലും ഓര്‍ക്കുകയോ പരിഗണിക്കുകയോ ചെയ്തു എന്ന സംതൃപ്തി പകര്‍ന്നു.
പോസ്റ്റ് കാര്‍ഡുകള്‍, കവറുകല്‍ തുടങ്ങിയ ഉപാധികള്‍ ഇന്‍ലെന്റിനെ കൂടാതെ ആശയവിനിമയങ്ങള്‍ക്ക് സഹായകരമായി. കത്തെഴുത്തില്‍ തനതായി വ്യക്തിത്വം സ്ഥാപിച്ചെടുത്തു ദുബായ് കത്തുകള്‍. അവ പ്രവാസ ജീവിതങ്ങളുടെ നിശബ്ദമായ വിലാപത്തിന്റേയും പ്രാര്‍ത്ഥനകളുടെയും വിലയനമായിരുന്നു. വിരഹിത മനസ്സുകളുടെ സങ്കീര്‍ത്തനമായി അവ പരിഭാഷപ്പെട്ടു. എന്നാല്‍ ക്ഷണിക്കപ്പെടാത്ത അതിഥികള്‍ ആയിരുന്നു ടെലിഗ്രാമുകള്‍. അപൂര്‍വമായി പടികടന്നെത്തിയ ടെലിഗ്രാമുകള്‍ പ്രിയപ്പെട്ടവരുടെ വിയോഗങ്ങള്‍ യാന്ത്രിക ഭാഷയില്‍ പറഞ്ഞൊപ്പിച്ചു. എന്നാല്‍ ഉത്സവകാലങ്ങളിലും കുടുംബ വിശേഷ വേളകളിലും ടെലിഗ്രാം ദുരുപയോഗം ചെയ്യപ്പെടാതിരുന്നില്ല. ഇത്തരം അവസരങ്ങളില്‍ എന്നോ മരിച്ച അമ്മൂമ്മമാരും അമ്മാവന്മാരും വീണ്ടും വീണ്ടും ദുരന്തകഥാപാത്രങ്ങളായി പേരമക്കളേയും മരുമക്കളേയും നാട്ടിലേക്കെത്തിച്ചു.
'അയച്ച കത്ത് കിട്ടി. വിവരങ്ങള്‍ അറിഞ്ഞതില്‍ സന്തോഷിക്കുന്നു' എന്ന പരമ്പരാഗത എഴുത്ത് രീതിയെ ധിക്കരിച്ച ചില എഴുത്ത് രീതികള്‍ അനുഭവിക്കാനും കഴിഞ്ഞിരുന്നു. നിശിതമായ നര്‍മ്മബോധമായിരുന്നു ആ ധിക്കാരങ്ങളുടെ കാതല്‍. ചിലര്‍ ഇന്ലന്റിന്റെ എല്ലാ കോണിലും അക്ഷരങ്ങള്‍ നിരത്തി, ഇന്‍ലന്റ് തുറക്കുന്ന അവസരത്തില്‍ അങ്ങിനെ പലതും നഷ്ടപ്പെടുകയും ചെയ്തു. ചിലരാകട്ടെ എഴുത്തിന്റെ അവസാന ഭാഗത്തില്‍ 'ഇവിടെ സമയം രാത്രി 10മണി. മഴ പെയ്തു തോര്‍ന്നതേയുള്ളൂ' എന്നോ മറ്റോ ചെര്‍ത്ത് അവരനുഭവിച്ച കാലത്തെ ചുരുക്കെഴുത്തിലൂടെ പകരാന്‍ മുതിര്‍ന്നു.
വിവര സാങ്കേതിക സംവിധാനങ്ങളുടെ ആധിക്യത്തോടെ തപാല്‍ ഓഫീസും അഞ്ചല്‍ക്കാരനുമൊക്കെ പലപ്പോഴും പ്രഹസന കഥപാത്രങ്ങളായി. തങ്ങളെ സമൂഹ മുഖ്യധാരയില്‍ നിന്നും പുറന്തള്ളിയ ടെലിഫോണ്‍ സങ്കേതത്തിന്റെ പറ്റും പലിശയും സ്വീകരിക്കുന്ന തപാലാപ്പീസുകള്‍ ഫലിതത്തിന്റേയും ദുരന്തത്തിന്റേയും ഇടയിലുള്ള ഭൂമികയില്‍ ഇടം കണ്ടെത്തുകയാണോ?
ഈയിടെ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും ഒരു പോസ്റ്റ്കാര്‍ഡ് ലഭിക്കാനിടയായി. സഹപാഠി പണ്ടെപ്പൊഴോ അയച്ചതാണ്. "ഇന്ന് രാവിലെ അവിചാരിതമായി മഴപെയ്തപ്പോഴേ തോന്നി, എന്തോ സംഭവിക്കാനിടയുണ്ടെന്ന്. നിന്റെ കത്ത് ഉച്ചക്ക് കിട്ടിയപ്പോള്‍ ആ ധാരണ ബോധ്യപ്പെടുകയും ചെയ്തു" ഇങ്ങിനെ തുടങ്ങുന്ന സ്നേഹാക്ഷരങ്ങള്‍. പൊയ്പോയ കാലങ്ങള്‍ താണ്ടി, വഴിതെറ്റിയൊരു മഴമേഘം തിടുക്കത്തില്‍ ഹൃദയം തൊട്ടുഴിഞ്ഞുപോയി. ആ എഴുത്തിന് മറുപടി അയച്ചുവോ എന്ന് പോലും ഇപ്പോള്‍ ഓര്‍ത്തെടുക്കാനാവുന്നില്ല. (അവിചാരിതങ്ങളായ മഴകള്‍ തുടര്‍ന്ന് അനുഭവിപ്പിക്കാന്‍ കഴിയാത്ത ഈ സുഹൃത്തിനോട് പൊറുക്കുക)
സുഹ്രുത്തുക്കളുടെ പ്രേരണ കൊണ്ടാണ് ഇ-മെയില്‍ സംവിധാനത്തില്‍ ഒരു വരി മേല്‍വിലാസത്തിന്റെ ഉടമയായത്. അപരിചിതരോട് വിമുഖതയില്ലാതെ സംവദിക്കാന്‍ അത് പ്രേരണയുമായി. ആ അലസ പ്രയാണത്തില്‍ എവിടേയൊ വെച്ച് മുഖവും മുഖവരയുമില്ലാതെ തന്നെ ഒരാളുമായി നിതാന്ത സൗഹൃദത്തിലുമായി. കൈമോശം വന്നെന്ന് കരുതിയ കത്തെഴുത്തിന്റെ കൈത്തഴക്കം വീണ്ടെടുത്തത് ഈ ആകസ്മിക സൗഹൃദമായിരുന്നു. ചിലപ്പോഴെങ്ങിലും കാലം വിരസത കൂടാതെ തന്നെ ആവര്‍ത്തിക്കുന്നു.
അതെ, ആത്മാവില്ലാത്ത ഫോര്‍വേഡ് മെയിലുകള്‍ തീര്‍ക്കുന്ന ഇന്ബോക്സിന്റെ നെടുനീളന്‍ വരാന്തകള്‍ക്കിടയില്‍ എനിക്കായി മാത്രം എഴുതപ്പെട്ട കത്തുകള്‍ക്കായി കാത്തു നില്‍പ്പാണ്, ഇപ്പൊഴും.