Sunday, January 27, 2008

കറുത്ത പക്ഷത്തെ വെളുത്ത പൂക്കള്‍

ഒലവക്കോട്‌ റയില്‍വേ സ്‌റ്റേഷന്‍ പിന്‍വശത്തുള്ള പാര്‍ക്കിംഗ്‌ ഏരിയായില്‍ ഞങ്ങളെത്തുംബോള്‍ റയില്‍വേയുടെ പതിവു ഉപചാരം വ്യക്തമായി കേള്‍ക്കാമായിരുന്നു."യാത്രക്കാരുടെ ശ്രദ്ധക്ക്‌...." തങ്ങളുടെ പതിവു യാത്രകളില്‍ ഒരിക്കല്‍ പോലും കണിശത പുലര്‍ത്താത്ത എന്റെ സ്‌നേഹിതര്‍ അന്നും പതിവു തെറ്റിച്ചില്ല. ഒരേ തൂവല്‍ പക്ഷികളെന്നൊണം റെയില്‍വെയും. രാത്രി 10.30 ന്‌ എത്തേണ്ട യശ്വന്ത്‌പ്പൂര്‍ എക്സ്പ്രസ്സ്‌ പത്ത്‌ നിമിഷം വൈകി എത്തുന്നതിന്റെ വിളംബരമായിരുന്നു തുടര്‍ന്നു ഞങ്ങള്‍ കേട്ടത്‌.

കാത്തിരിപ്പിന്റെ വിരസതയകറ്റാന്‍ തന്നെയാണ്‌ പാര്‍ക്കിങ്ങ്‌ ഏരിയായിലെ വെള്ളി വെളിച്ചത്തില്‍ കുളിച്ച്‌ നില്‍ക്കുന്ന മരത്തിലേക്കു ശ്രദ്ധ തിരിച്ചത്‌. നിഴലു പോലും പൊഴിക്കാനാവാതെ, നിര്‍ലോഭം ചൊരിയുന്ന പ്രകാശധാരയില്‍ വീര്‍പ്പടക്കി നിന്നത്‌ ഒരു പാലമരമായിരുന്നു.. അതെ! പാലമരം! പുരാവൃത്തങ്ങളിലും മുത്തശ്ശിക്കഥകളിലും മറ്റും എത്രയോ തവണ ആവര്‍ത്തിക്കപ്പെട്ട പാലമരം തന്നെ.

ഇരുളിലും വിജനതയിലും വേരുകളാഴ്‌ത്തി, അതു വഴി കടന്നു പോകുന്ന പഥികര്‍ക്കു സാഹസികതയും ഏറെ സംഭീതിയും പകര്‍ന്ന വൃക്ഷം. ഇതിന്റെ ശാഖികളിലാണു കറുത്ത രാവിന്റെ സുന്ദരികള്‍ മുറുക്കി ചുവന്ന് യാത്രികരെ കാത്തിരുന്നത്‌. വിജനവീഥിയിലെ അപൂര്‍വ്വ അതിഥികളില്‍ നിന്നും മുറുക്കാന്‍ ക്കൂട്ട്‌ യാചിച്ച ഇവര്‍ ഒരിക്കലും ഒടുങ്ങാത്ത ജീവിതരതിയുടെ പ്രതീകങ്ങളായിരിക്കണം. സഞ്ചാര കുതുകികളായ ഗന്ധര്‍വര്‍ക്കാവട്ടെ വഴിത്താവളമായിരുന്നത്രേ പാലമരം. കലിയുഗത്തില്‍ ഗന്ധര്‍വ്വര്‍ ഈ വൃക്ഷത്തെ കൈവിടും എന്ന കഥയുമുണ്ട്‌. കഥകള്‍! കഥകള്‍! അവിടുത്തെ നിഴലും ശബ്ദവും പൊലിപ്പിച്ചെടുത്ത എത്ര എത്ര ഭ്രമകല്‌പനകള്‍! ഏതായാലും ബോധമണ്‌ടലത്തിന്റെ വിളിപ്പാടകലെ ആ അഭൗമ പരിസരത്തെ മാറ്റി നിര്‍ത്തനായിരുന്നു കാലങ്ങളോളം താല്‍പര്യപ്പെട്ടത്‌.

പിന്നീടെപ്പോഴൊ പഴമ്പുരാണങ്ങളിലെ ഈ പതിവുകാരന്‍, ഉള്ളലിഞ്ഞു പൂക്കുന്ന പാലപ്പൂവിന്റെ തീവ്രസുഗന്ധമായി, യാദൃശ്ചികങ്ങളായ നിശാസഞ്ചാരങ്ങളക്കു സാമീപ്യവും കൗതുകവുമായി. അതിനുമെത്രയൊ മുന്‍പു ഈ അലൗകിക പശ്ചാത്തലം, ദുര്‍ഗ്രഹതയുടെ സത്യസൗന്ദര്യം വെളിവാക്കുന്ന ചലച്ചിത്ര ദൃശ്യയമായി മനസ്സില്‍ ഇടം നേടിയിരുന്നു. പത്മരാജന്‍ തന്റെ അവസാന ചലച്ചിത്ര സാക്ഷാത്ക്കാരത്തില്‍ രേഖപെടുത്തിയ ഒരു ദൃശ്യാനുഭവം! പ്രകൃതിയുടെ നിഗൂഡതകളത്രെയും ഒളിപ്പിച്ചു നില്‌ക്കുന്ന ഒരു പാലവൃക്ഷത്തിനരികില്‍, എന്തോ വായിച്ചെടുക്കാന്‍ ശ്രമിച്ച്‌, പൊരുളറിയാതെ പകച്ചു നില്‌ക്കുന്ന നിരാലംബയായ ഒരു പെണ്‍ക്കുട്ടിയുടെ വിദൂര ദൃശ്യമായിരുന്നു അത്‌.

ഇപ്പൊള്‍, ഇവിടെ, രാവ്‌ പകലാക്കുന്ന ദ്യുതിസങ്കേതങ്ങളില്‍, വ്യക്തിത്വമത്രയും ചോര്‍ന്ന് വിഹ്വലതയോടെ നില്‍ക്കുന്ന പാലമരം, ഏത്‌ ദുരന്തനാടകത്തിന്റെ അന്ത്യരംഗമാവും ആടിതീര്‍ക്കുന്നത്‌? അര്‍ദ്ധരാത്രിയേടടുത്ത ഈ സമയത്തും, വൈകി വന്ന യാത്രികര്‍ പാര്‍ക്കിംഗ്‌ ഏരിയായിലെ ഈ നിശബ്‌ദസാന്നിധ്യത്തെ, പരിഗണിക്കുക പോലും ചെയ്യാതെ നഗരത്തിന്റെ നിലക്കാത്ത ഗതഗത സമസ്യകളിലേക്ക്‌ അനായാസം കടന്നു കയറി.

" യാത്രക്കാരുടെ ശ്രദ്ധക്ക്‌...." ചിന്തകളെ ശിഥിലമാക്കിയ ആ ശ്രദ്ധക്ഷണിക്കല്‍ വാസ്തവത്തില്‍ എവിടെ നിന്നായിരിക്കാം കേട്ടത്‌?

3 comments:

siva // ശിവ said...

ഞാന്‍ പാല മരത്തെക്കുരിച്ച്‌ ഒരുപാടു കേട്ടിരിക്കുന്നു...പക്ഷെ ഇതുവരെ കണ്ടിട്ടില്ല...ഇതു വായിച്ചപ്പോള്‍ പാലമരം കണ്ടതു പോലെ ഒരു തോന്നല്‍.... നന്ദി....

ശ്രീ said...

കൊള്ളാം. നല്ല വര്‍‌ണ്ണന
:)

ശ്രീക്കുട്ടന്‍ said...

ആ പാലമരം ഓര്‍മയായി..റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ചു!!!