Friday, September 28, 2007

എന്റെ റേഡിയോ ദിനങ്ങള്‍, നിങ്ങളുടേതും ?

സുഖസുഷുപ്തിയുടെ വിരാമത്തിലെവിടെയോ സുഭാഷിതത്തിലൂടെയൊ പ്രാദേശിക വാര്‍ത്തയിലൂടെയൊ മറ്റോ, ഉണര്‍ന്നിരുന്ന ഒരു ഭൂതകാലം, സുഹൃത്തേ താങ്കള്‍ക്കുമില്ലേ ? അതു കൊണ്ടു തന്നെയാവണം നമ്മുടെ ബോധ അബോധ തലങ്ങളിലെവിടെയോ ട്യൂണ്‍ ചെയ്ധു വെച്ചിരുന്ന റേഡിയോ സ്ഥാനം പിടിച്ചത്‌. വാര്‍ത്താവായനയുടെ ഗന്ധര്‍വ സ്വരമായ രാമചന്ദ്രന്‍, വെന്മണി വിഷ്ണു, പ്രതാപന്‍ തുടങ്ങിയവര്‍ നമ്മെ പുലര്‍കാല സ്വപ്ന സീമകളില്‍ നിന്നും യാഥാര്‍ത്ഥത്തിലേക്ക്‌ ക്ഷണിച്ചു. എട്ടു മണിക്ക്‌ തുടങ്ങിയിരുന്ന ദെശീയ വാര്‍ത്ത ബുള്ളെറ്റിനുകളാവട്ടെ നമ്മുടെ ഘടികാര ക്രമീകരണങ്ങളുടെ അടിസ്ഥാനം തന്നെയായിരുന്നു. സൂക്ഷ്മമായ കാലനിര്‍ണ്ണയത്തിനു ഈയടുത്ത കാലം വരെയുള്ള എകാലംബനം.


ആഢത്ത്വം തുളുമ്പുന്ന വാള്‍വ്‌ റേഡിയോ, സാധാരണക്കാരുടെ ട്രാന്‍സിസ്റ്റര്‍, ഉത്തരാധുനികരുടെ പൊക്കറ്റ്‌ റേഡിയോ എന്നിങ്ങനെ ഏവരേയും തൃപ്തിപ്പെടുത്തുന്ന മോഡല്‍ വൈജാത്യം അവക്കുണ്ടായിരുന്നു. വീടുകളില്‍ മാത്രമല്ല ചായക്കട, ബാര്‍ബര്‍ ഷാപ്പ്‌ എന്നിവടങ്ങളിലെല്ലാം അവ പ്രക്ഷെപണ സങ്കേതങ്ങള്‍ അനുഭവവേദ്യമാക്കി. സായാഹ്‌നങ്ങളിലെ അലസസഞ്ചാരത്തിനു വരെ ചിലര്‍ റേഡിയോയെ ക്കൂട്ടുപിടിച്ചു.

റേഡിയോ ഒരു പക്ഷെ അതിന്റെ അസ്തിത്വം കണ്ടെത്തിയത്‌ ചലച്ചിത്ര ഗാനശാഖയിലൂടെയാവണം. ആകാശവാണിയിലൂടെ ഒഴുകി വന്ന ഗാന
നിര്‍ഝരി ശ്രോതാക്കളില്‍ അനുഭൂതികളുടെ ആയിരം പാരിജാതങ്ങള്‍ വിടര്‍ത്തി. പ്രഭാത പ്രദോഷങ്ങള്‍ക്കിടയിലെ ഉണര്‍വ്വിന്റെ വേളകളാകമാനം അവ സംഗീത സാന്ദ്രമാക്കി. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത്‌ മനസ്സിനെ തൊട്ടുണര്‍ത്തുന്ന പ്രിയ ഗാനങ്ങള്‍ ! അതെ, ആകസ്മിക സൗന്‌ദര്യം തന്നെയായിരുന്നു റേഡിയോ ഗാനങ്ങളുടെ മുഖമുദ്ര. മഞ്ഞളി പൂനിലാവ്‌ മഞ്ഞളരച്ചു നീരാടിയ ഒരു വെളുത്ത പക്ഷത്ത്‌, അവിചാരിതമായി അതെ ഗാനം റേഡിയോവിലൂടെ ഒഴുകിയെത്തിയപ്പോള്‍ കാലവും കലയും വേര്‍തിരിച്ചറിയാനാവാതെ കേവല പ്രാണന്‍ പകച്ചു.



ഇമ്പമാര്‍ന്ന ശബ്ദങ്ങള്‍ കൊണ്ടു മാത്രം ജീവിതത്തിന്റെ താപവും കോപവും ആമോദവുമെല്ലാം പൊലിപ്പിച്ചു കാട്ടിയ റേഡിയോ നാടകങ്ങള്‍ എങ്ങനെ മറക്കാനാണ്‌. നാടകവാരങ്ങള്‍ക്ക്‌ നന്ദി! ( ആ മധുരശബ്ദങ്ങള്‍ക്കുടമകള്‍ സുന്ദരികളും സുന്ദരന്മാരും തന്നെയായിരിക്കണം). നാടകങ്ങള്‍ക്ക്‌ പുറമെ യുവവാണി, വയലും വീടും, പലരും പലതും, കമ്പൊള നിലവാരം തുടങ്ങിയ പ്രക്ഷേപണ കലാ വൈവിധ്യത്തിലൂടെ സമസ്ത ജീവിതത്തിന്റെ പരിഛേദമായതും അതേ ശബ്ദ സുഭഗങ്ങള്‍ തന്നെ!



പ്രക്ഷേപണം സംപ്രേഷണത്തിന്‌ വഴി മാറി കൊടുത്തത്‌ വളരെ പെട്ടെന്നു തന്നെയായിരുന്നു. റേഡിയോ ദൈനംദിന ജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായി തഴയപ്പെട്ടു. സ്വീകരണമുറിയിലെ പൊങ്ങച്ച ഷോക്കേസുകളിലെ ഗ്രാമഫോണിന്റെയോ എന്തിന്‌, മുറുക്കാന്‍ ചെല്ലത്തിന്റെ പോലും വിശിഷ്ട സ്ഥാനം ലഭിക്കാതെ തന്നെ! ( ദൃശ്യ ചാരുതയുടെ അനന്ദസാധ്യതയുമായി വന്ന പിന്‍മുറക്കാരന്‌ പക്ഷെ വിഡ്ഢിപ്പെട്ടി എന്ന ആക്ഷേപത്തിനര്‍ഹനാവാനേ കഴിഞ്ഞുള്ളു).



ഈയിടെ ഒരു രാവു മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കാര്‍ യാത്രക്കിടയില്‍ സുഹൃത്തുക്കളിലാരോ F.M റേഡിയോ ട്യൂണ്‍ ചെയ്തത്‌ യാദൃഛികമായിരുന്നു.( ആ യാത്ര ഒരു സുഹൃത്തിന്റെ പ്രണയസാക്ഷാത്‌കാരത്തില്‍ പങ്കു ചേരാനുമായിരുന്നു). രാത്രിയായതു കൊണ്ടാവാം, നിലാവിനെ കുറിച്ച്‌ മാത്രമുള്ള സൗമരസ്യം തുളുമ്പുന്ന ഭാവഗാനങ്ങള്‍! ആകസ്മിക സൗന്ദര്യം പൂത്തുലയുകയായിരുന്നു, വീണ്ടും! വിജന പഥങ്ങളിലെ ഇരുളില്‍ പൊടുന്നനെ നിലാവുദിച്ചതും, അത്‌ യാത്രയിലുടനീളം സഞ്ചാരികളെ അനുഗമിച്ചതും സ്വപ്നസമാനമായ അനുഭവം തന്നെയായിരുന്നു. അല്ലെങ്കില്‍ വെഗതയുടെയും വിസ്‌മൃതിയുടെയും അഭിനവലൊകത്ത്‌, ഞാനിവിടെ തന്നെയുണ്ട്‌ എന്ന മട്ടില്‍ പ്രക്ഷേപണി നടത്തിയ കുറ്റപ്പെടുത്തുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍!

Friday, March 16, 2007

നിറകണ്‍ചിരിയോടെ...

ഓര്‍ക്കുന്നുവൊ നി ? (മറക്കുക) മുറ പോലെ,
നാം തമ്മില്‍ കണ്ടു പറഞ്ഞു പലതും,
അങ്ങിനെ പ്രണയിച്ച്‌... അല്ല, പരസ്പരം സന്ദേഹിച്ച്‌
പിരിഞ്ഞ സന്ധ്യകളനവധി.

പിന്നെ ഞാനും നീയുമായി
നമ്മെ എന്നേക്കും അകലങ്ങളിലേക്കെറിഞ്ഞ ഇടവഴികള്‍ക്ക്‌ മുമ്പ്‌,
കരളുരുകുമ്പോഴും കരയാതെ,
ചിരിച്ചുപചാര സൗഖ്യങ്ങള്‍ നേര്‍ന്ന്പിരിഞ്ഞൊരാ
നടനവൈഭവം നമ്മെ(എന്നെ) കൈവിടാതിരുനെങ്കില്‍.

സഖി, പൊയ്‌ മുഖമണിഞ്ഞ്‌ നാം
തമ്മിലാടിയ കപടനാടകം തീര്‍ന്നതും,
നേരായ ജീവിതപൊരുളുകള്‍ ചമയപൊലിമകള്‍ നീക്കവേ
മുന്നില്‍ തെളിയുന്നു,
കലങ്ങിയ കണ്ണുകള്‍, കലങ്ങാത്ത കണ്ണുനീര്‍

Saturday, March 3, 2007

പാഠം ഒന്ന് - പൊന്നാങ്ങള

പരസ്പരം എല്ലാം തുറന്നു പറഞ്ഞും, പലതും പങ്കു വെച്ചും, ഉല്ലസിച്ചു വാണിരുന്ന കാലം. ഞങ്ങള്‍ കിന്നരിച്ചിരുന്ന മാവിന്‍ തോട്ടത്തിലെ തൈകള്‍ മാസം തികയാതെ പെറുന്ന ഗര്‍ഭിണികളെ പോലെ മൂക്കുമ്മുമ്പെ പൂത്തും കായ്ച്ചും ഞങ്ങളുടെ സന്തോഷത്തില്‍ പങ്കു ചെര്‍ന്നു.

ഇടക്കൊരു ദിവസം ഞങ്ങടെ സ്ഥിരം താവളമായ മാവിന്‍ ചോട്ടില്‍ തെക്കു വടക്കായി ഞങ്ങള്‍ മുഖം നോക്കാതെ ഇരുന്നു. മീന ചൂടില്‍ മാവിനു കുളിരേകി നൂറ്റിയമ്പത്‌ മില്ലി വീധം കണ്ണുനീര്‍ അതിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു. വേപ്പറായി പോയതു വേറെ. ഏങ്ങല്‍ മാത്രം കേള്‍ക്കാം അര മിനിറ്റ്‌ ഇട വിട്ട്‌.ഏങ്ങി ഏങ്ങി അവള്‍ പറഞ്ഞു :
"വീട്ടുക്കാരെ ധിക്കരിക്കാന്‍ ആവില്ല. നിന്നെ എനിക്കിഷ്ട്ടാ. പക്ഷെ എന്റെ അച്ചനും അമ്മയും പാവമാ."
"അപ്പൊ ഞനൊ. എനിക്കെന്താ വീട്ടുക്കാരില്ലെ "
"നീയും പാവമാ, നീയും വീട്ടുക്കാരെ വെറുപ്പിക്കരുത്‌. നാളെ എന്റെ വിവാഹനിശ്ചയമാണ്‌. പക്ഷെ നീ വരരുത്‌."
റെക്കൊര്‍ഡ്‌ സമയത്തില്‍ ഓടി എത്തി, പണ്ടു പോളിയോയിനു കുത്തിവെച്ചത്‌ കൊണ്ട്‌ മെഡല്‍ ഇല്ല എന്നു പറഞ്ഞപ്പോള്‍ പകച്ചു നിന്ന ജോണ്‍സണെ പോലെ ഞാന്‍ മസ്സില്‍ തടവി നിന്നു. 'വെറുതെയല്ല ആളുകള്‍ റിപ്പര്‍മാര്‍ ആവുന്നതു. ഇതുങ്ങളെ ഒക്കെ തലക്കടിച്ച്‌ കൊല്ലണം" എന്നു ചിന്തിച്ച്‌ മാവിന്‍ ചൊട്ടില്‍ അല്‍പ നേരം മിണ്ടാതിരുന്നു.( ശബ്ധം തൊണ്ടയില്‍ കുരുങ്ങി ഞെരിപിരി കൊള്ളുകയായിരുന്നു എന്നതാണു സത്യം). ശബ്ധം പുറത്തു കടന്നാല്‍ അതു ക..യും, പു... യും, മ .. യും ചേര്‍ത്തുള്ള, ഫാദര്‍സ്‌ ആന്‍ഡ്‌ മദര്‍സിനെ വരെ വാല്‍സല്യത്തോടെ അഭിസംബോധന ചെയ്യുന്ന വാക്കുകള്‍ ആവും എന്നതിനാല്‍ അതൊക്കെ അവളോടുള്ള സ്‌നേഹത്തിന്റെ പുറംച്ചട്ടയണിയിച്ച്‌ ശ്രി ബുദ്ധന്‍ ധ്യാനത്തിലിരിക്കണ കണക്കെ അമര്‍ന്നു. പിറ്റേന്നുള്ള നിശ്ചയത്തിനിടേണ്ട സാരിയും ജാക്കറ്റിനേം കുറിച്ചും അന്നു വൈകുന്നേരം അണിയേണ്ട മെയിലാഞ്ചി ഡിസൈനിനെ കുറിച്ചും ഏങ്ങി ഏങ്ങി അവള്‍ പറഞ്ഞു കേള്‍പിച്ചു. സാരിയുടെ കളറും പട്ടിന്റെ വീതിയും വരെ അവള്‍ ഏങ്ങലോടെ തന്നെ പറഞ്ഞു തുടര്‍ന്നപ്പൊള്‍, അടഞ്ഞു കിടന്ന എന്റെ കണ്ണുകള്‍ക്കു മീതെ പുരികകൊടികള്‍ "ഇവള്‍ എന്താ ഐറ്റം" എന്ന രീതിയില്‍ ചിന്തിച്ചു വളഞ്ഞു നിന്നു. വളവിന്റെ അറ്റത്ത്‌ ഒരു കുത്തു ഇട്ടിരുന്നെങ്കില്‍ ഒരു കൊസ്റ്റിയന്‍ മാര്‍ക്ക്‌ എങ്കിലും ആയേനെ.

ഞാന്‍ കണ്ണു തുറന്ന് - " എനിക്കും ഒരു ദിവസം വരും. അന്നു കാണിച്ചു തരാം " എന്ന ഭാവത്തില്‍ അവള്‍ ഇരുന്ന വശത്തെക്ക്‌ നോക്കിയപ്പോള്‍ കണ്ടത്‌ എന്റെ ദിവസം നാളെയാണെന്ന നെഗളിപ്പ്പ്പോടെ നടന്നു നീങ്ങുന്ന അവളുടെ പുറകു വശമാണ്‌.പുറം തിരിഞ്ഞു നടത്തം തുടങ്ങിയ കാരണം മുഖത്തെ ഭാവം ഒപ്പിയെടുക്കാന്‍ പറ്റിയില്ല. വേണ്ട, ഇപ്പൊ കണ്ടതു കൊണ്ടെ ഫീലിങ്ങ്സ്‌ ആയി. ഇനി മുഖം കൂടെ കണ്ടാല്‍ ചിലപ്പൊ ഗോല്‍ട്‌ ഫില്‍റ്ററിന്റെ കുറ്റി തപ്പേണ്ടി വരും, ടെന്‍ഷെന്‍സ്‌ പുകച്ച്‌ പുറത്തു ചാടിക്കാന്‍.( ഒരു സിഗരറ്റ്‌ ഒന്നങ്ങനെ മുഴുക്കനെ കൊതിയോടെ വലിക്കാന്‍ പറ്റാഞ്ഞിട്ടല്ല. പഴയ ബാക്കി കിട്ടാതെ ഇനി ആ വഴി വന്നാല്‍ മുട്ടിന്‍ കാല്‍ തല്ലി ഒടിക്കും എന്ന പലചരക്കുകടക്കാരന്‍ ബോസേട്ടന്റെ സ്‌നേഹാഭ്യര്‍ത്ഥന മാനിച്ചാണ്‌)നന്നായി മാവരക്കാനും നെല്ലുകുത്താനും മാത്രം അറിയാവുന്ന ബോസിന്റെ ഭാര്യ വനിതാ സംവരണത്തിന്റെ പേരില്‍ പഞ്ചായത്ത്‌ മെമ്പരായി തിരെഞ്ഞെടുക്കപ്പെട്ട കാര്യം ഒഴിച്ചാല്‍ ബോസിനൊടു എനിക്കു പ്രത്യെകിച്ച്‌ വൈരാഗ്യം ഒന്നും തന്നെ ഇല്ല. ബോസേട്ടന്റെ കഥ പിന്നീടാവാം.
പറഞ്ഞു തുടങ്ങിയത്‌ എന്റെ ആദ്യ വഞ്ചകിയുടെ കഥയല്ലെ.. അതു ദിശ മാറി പോണ്ട.
അങ്ങനെ.. കുറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു ശിവരാത്രിക്ക്‌ ഇത്തിരി പോന്ന ഒരു വാല്‍മാക്രിയുടെ ( ചിലരെ കണ്ടാല്‍ തന്നെ ചെവികുറ്റിക്കിട്ട്‌ രണ്ടു പെടക്കാന്‍ തോന്നും. അതിനു പ്രത്യേകിച്ച്‌ കാരണം ഒന്നും വേണ്ട. ഈ പൊടി ചെക്കനെ വാല്‍മാക്രി എന്നു വിളിച്ചതിനു പിന്നിലും അതെ വികാരം തന്നെ ), പുറകില്‍ വട്ട പൊട്ടും, തൂങ്ങിയ കവിളും അല്‍പം കറുപ്പടിച്ച കണ്ണും, തടി ഒരു ഫാഷന്‍ ആണെന്ന ഗമയില്‍ പിച്ച വെച്ചു നടക്കുന്ന ( കുട്ടികള്‍ക്കു മാത്രമല്ല, തടി കൂടിയാല്‍ തള്ളമാര്‍ക്കും അങ്ങനെ നടക്കാന്‍ ഒക്കൂ)എന്റെ പഴയ കാമുകിയെ കണ്ടു.സ്ത്രീകള്‍കും ഭീമന്‍ എന്നൊക്കെ പേരു വെക്കാം എന്നു പ്രഖ്യാപിക്കും വിധം നെഞ്ചും വിരിച്ചു അവള്‍ എന്നെ നൊക്കി ചിരിച്ചു.
"അയ്യെ. ഇതെന്താ സാധനം. ഞാന്‍ കെട്ടിയതാണെങ്കിലും ഇതു ഇങ്ങനെ ഒക്കെ ആവുമായിരുന്നൊ. നന്നായി ഞാന്‍ കെട്ടാതിരുന്നത്‌. ഇങ്ങനെ ലൈസെന്‍സ്‌ ഇല്ലാണ്ട്‌ ബോടി വളര്‍ത്താ.." എന്നിങ്ങനെ പരസ്പര ബന്ധമില്ലാത്ത ഒരായിരം കാര്യങ്ങള്‍ ( ആയിരം ഒരു എഫെക്റ്റിനു വെണ്ടി പറഞ്ഞതാ. ഒരു എട്ടു പത്തെണം എന്നു കണക്കാക്കിയ മതി. ഇതിനി എപ്പൊഴുമെപ്പഴും പറയില്ല. കുറിച്ചിടുക) മനസില്‍ പറഞ്ഞു നിര്‍ത്തി, അവളുടെ ചിരിക്കു പലിശ സഹിതം അല്‍പം കൂടി വലിപ്പത്തിലുള്ള ചിരി തിരിച്ചു നല്‍കി.
എന്റെ അടുത്തെക്കു വന്ന സ്പീഡില്‍ അവളുടെ കൈയൊ കാലൊ തട്ടി ഇഞ്ചുറി ആവണ്ട കരുതി ഞാന്‍ നൈസായി ഒരു അടി പുറകോട്ടു വെച്ചു. നമ്മുക്കറിയാത്ത കളരിയൊ.
"പരമേട്ടനെ കണ്ടൊ? പരിചയപെടുത്തി തരാം" അവളുടെ കണ്ണും കാതും പ്രാണേശ്വരനെ തേടിയലഞ്ഞു.
"ഹാവു ഇവള്‍ ഇത്രേങ്കിലും പറഞ്ഞൂലൊ. പാവം. എന്തു പറഞ്ഞായിരിക്കും പരിചയപ്പെടുത്തുക... പഴയ കാമുകന്‍ എന്നു പറയുമൊ... ഇല്ല...എയ്‌ ഒരു ഫ്രണ്ട്‌ എന്നു എന്തായാലും പറയും"- ഇത്രയും കാര്യങ്ങള്‍ മനസ്സില്‍ ഉരുണ്ടു കൂടുമ്പോള്‍ ഉണ്ടാകെണ്ട രസപ്രധാനമായ ഭാവങ്ങള്‍ ഒന്നും തന്നെ എന്റെ മുഖത്തു വന്നില്ല. അതു കൊണ്ടു തന്നെ വികാരങ്ങള്‍ വികാരങ്ങളായും വാക്കുകള്‍ വാക്കുകളായും മുഖത്തുള്ള സ്ഥായി ഭാവം അതിന്റെ പാട്ടിലും സെപെരേറ്റ്‌ ആയി നില കൊണ്ടു.

ഏതോ ആനക്കാരനോട്‌ കുശലം ചൊദിക്കുന്ന ഒരുത്തനെ നൊക്കി അവള്‍ അലറി(ഒരു സ്‌നേഹമുള്ള വിളിയായി അതിനെ പരാമര്‍ശിക്കാന്‍ അതിന്റെ ഡെസിബല്‍സ്‌ അനുവധിക്കുന്നില്ല,സോറി) - " പരമേട്ടാ.. "
ആദ്യം തിരിഞ്ഞു നോക്കിയത്‌ ആനയായിരുന്നു.ഗുരുവായുര്‍ പരമേശ്വരന്‍ എന്നെഴുതിയ ചെമ്പ്‌ ലോക്കറ്റും തൂക്കി തലയെടുപ്പോടെ അവന്‍ നിന്നു.
"ഈശ്വരാ എന്നെ ആദ്യായിട്ടാ ആരെങ്കിലും എട്ട എന്നു വിളിക്കണെ" എന്ന ആശ്ചര്യഭാവം അതിന്റെ മുഖത്ത്‌.

"പരമേട്ട ഇത്‌... എന്റെ .. എന്റെ..... ( യെസ്‌.. പറയെടി.. പൊന്നെ.. ഞാന്‍ ആരാണെന്ന്... ഡു ഇറ്റ്‌ ബേബി...ഉം - ഇത്രയും ആത്മഗതം) എന്റെ... ബ്രദര്‍.... കസിന്‍ ബ്രദര്‍ .. ഫാര്‍ റിലേറ്റീവ്‌.."

" ഒഹ്‌.. ഐ സീ.. ഹലൊ" പരമേട്ടന്‍ കൈ നീട്ടി.

അവന്റെ കൈ പിടിച്ചു തിരിച്ചു, കുനിച്ചു നിര്‍ത്തി കൂമ്പിനിട്ട്‌ ഇടിച്ച്‌, എന്നെ ബ്രദറെന്നു വിളിച്ചധിക്ഷേപിച്ച എന്റെ പൊന്നനുജത്തിക്കു എന്നും ഓര്‍മിക്കാന്‍ പൊന്നാങ്ങളയുടെ വക ഇതിരിക്കട്ടെ എന്നും പറഞ്ഞു ചെവികുറ്റിക്ക്‌ ഒരു വീക്കും വെച്ചു കൊടുത്ത്‌ - ജസ്റ്റ്‌ റിമെംബര്‍ ദാറ്റ്‌ - എന്നാക്രൊശിച്ചു സ്ലൊ മോഷനില്‍ നടന്നു പൊണം എന്ന മോഹം, എന്റെ മുഖത്തും ശരീര പേശികളിളും നിര്‍വികാരത പടര്‍ത്തി നിന്നു. പാരലൈസ്‌ ആയ എന്റെ കരം ഗ്രഹിച്ച്‌ കുലുക്കി അവര്‍ യാത്ര പറഞ്ഞു നീങ്ങി.
ഓസ്സില്‍ കിട്ടിയ ബ്രദര്‍ പട്ടം വെച്ച്‌ ഒരു സെമിനാരിയില്‍ ചേര്‍ന്ന് ഫാദര്‍ എങ്കിലും ആവാന്‍ പറ്റുമൊ എന്നൊക്കെ ചിന്തിച്ചു ചലിച്ചു തുടങ്ങിയ എന്നെ ശ്രി പരമശിവന്റെ തിരുനട തുറന്നത്‌ പ്രമാണിച്ച്‌ മുറുകിയ മേളവും, കൂട്ടത്തോടെ പൊട്ടിയ കതനയും നടുക്കിയെന്നു മാത്രമല്ല, അടി തെറ്റിയാല്‍ ആനപിണ്ടിയിലും ചവുട്ടി വീഴും എന്നതു അവിടെ അന്വര്‍ത്ഥമാകുകയും ചെയ്ധു. ആല്‍ത്തറക്കു ചുറ്റും കൂടി നിന്നിരുന്ന കാഴ്ചക്കാരുടെ കൂട്ടച്ചിരി കൂടി ആയപോള്‍... എല്ലാം പൂര്‍ണമായി.
ഇധി പ്രഥമോദ്ധ്യായഹ.

Friday, February 23, 2007

ജീവന്റെ വൃക്ഷം...

ആലും ആല്‍ത്തറയും അവിടുത്തെ ഇത്തിരി തണലും നമ്മുക്കേറെ പ്രിയപെട്ടതാവുന്നതു എന്തു കൊണ്ടാണ്‌ ? അവ നമ്മുടെ തീക്ഷ്ണമായ കൗമാരത്തേയും പ്രസരിപ്പ്പാര്‍ന്ന യൗവ്വനത്തേയും പ്രതിനിധാനം ചെയ്യുന്ന ഭൂമിക ആയതു കൊണ്ടാവാം. ഏതായാലും ആഴവും പരപ്പുമാര്‍ന്ന സൗഹൃദങ്ങള്‍ തേടി ഈ വേദികയില്‍ കയറി ഇരുന്നപ്പോള്‍ അതു " ഞാനിതാ ഒരു പുരുഷനായിരുക്കുന്നു' എന്ന രഹസ്യ പ്രഖ്യാപനം കൂടി ആയിരുന്നു. ചില സമാനഹൃദയരെ എങ്കിലും സമ്മാനിച്ച വഴിയമ്പലം. അവിടെ ഞങ്ങളുടെ ചപലമായ നേരമ്പോക്കുകള്‍ പോലും ബലിഷ്ടമായ ചില്ല്ലകള്‍ കുലുക്കി ആസ്വദിക്കാന്‍ നീ ഉദാരമനസ്കത കാട്ടി. മനസ്സിലെപ്പൊഴൊ അനുവാദം കൂടാതെ കയറിപറ്റിയ പ്രണയത്തെ പറ്റി പ്രിയമാനസനോടു ആദ്യമായി പങ്കു വെച്ചതു ഈ തണല്‍ പകര്‍ന്ന ആത്മവിശ്വാസത്തിലായിരുന്നു.പിന്നീടെപ്പൊഴൊ നഷ്ടപ്രണയത്തിന്റെ വ്രണിത ഹൃദയത്തിനു സമാശ്വാസത്തിന്റെ തെന്നല്‍ കുറിപ്പുകള്‍ നീ സമൃദ്ധമായി പകര്‍ന്നു തന്നു. ഏറെ തലമുറകള്‍ക്ക്‌ തണലേകിയ ഈ വേദികയില്‍ ഒരു നിസ്സാര ജീവനും പ്രസക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞ മറക്കാനാവാത്ത ആ സായന്തനം!! അരികില്‍, പ്രവാസകാലത്തിന്റെ ഇടവേളയില്‍ ഈ തണലില്‍ വന്ന അപരിചിതന്‍ എന്തോ ഓര്‍ത്തെടുക്കുവാന്‍ ശ്രമിക്കുന്നു. സംവേദനത്തിന്റെ ഏതോ തലത്തില്‍ അയാള്‍ തന്റെ നഷ്ടപെട്ട കാലവും ഇടവും തിരിച്ച്‌ പിടിച്ച്‌, കൃതാര്‍ത്‌ഥതയോടെ നടന്നു നീങ്ങുന്നത്‌ ഞങ്ങള്‍ കോരിത്തരിപ്പോടെ കാണുന്നു.അപ്പോള്‍, അപ്പോള്‍ മാത്രം ഇവിടെ അനന്തമായ കാലം തളം കെട്ടി നില്‍ക്കുന്നത്‌ ഞങ്ങള്‍ അറിയുന്നു.

ഗുരുവന്ദനം...

ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത്‌ അല്ലെങ്കില്‍ കളരിക്ക്‌ പുറത്ത്‌ എന്നാണല്ലൊ . എന്നാ പിന്നെ ആശാന്റെ നെഞ്ചത്ത്‌ തന്നെ ആവട്ടെ ആദ്യ വന്ദനം. പരദെവതകള്‍, തറവാട്ടു ദൈവങ്ങള്‍, ചാത്തന്മാര്‍ തുടങ്ങിയവര്‍ എല്ലാ സംഗതികളുടേയും രക്ഷക്കായി നില കൊള്ളുന്നു എന്നത്‌ കൊണ്ടും ബ്ലോഗിനും അങ്ങനെയൊരു മുത്തപ്പന്‍ വേണമെന്നു കരുതുന്നു. അതിനായി എല്ലാം കൊണ്ടും അര്‍ഹന്‍ വിശാലമനസ്കനാണെങ്കിലും അദ്ദെഹത്തെ മാലയിട്ടു തേങ്ങാ ഉടച്ചു പ്രാര്‍ഥിക്കാന്‍ നിവര്‍ത്തിയില്ലാത്തതു കൊണ്ടും ആവാഹിച്ചെടുത്ത്‌ വിഗ്രഹത്തില്‍ കുടിയിരുത്തി വണങ്ങാന്‍ താല്‍പര്യമില്ലാത്തതു കൊണ്ടും അദ്ദെഹത്തിന്റെ ബ്ലോഗിന്റെ ഐശ്വര്യമായ ശ്രി എടത്താടന്‍ മുത്തപ്പനെ വണങ്ങി ഇതിനു ആരംഭം കുറിക്കട്ടെ. എന്റെ ദേശത്തുളള ദേവിമാരും ദേവന്മാരും ഇപ്പൊ തന്നെ നാട്ടിലെ പെണ്‍പടകളെ പോലെ കുശുംബു തുടങ്ങുമെന്നിരിക്കെ അവരേയും കാണേണ്ട രീതിയില്‍ കണ്ടോളാം എന്നു ഓര്‍മപ്പെടുത്തുന്നു. ആവേശത്തിന്റെ പുറത്തുള്ള എഴുത്താവുമ്പം ഇത്തിരി ആക്രിയൊക്കെ കാണും. അതു താനെ കെട്ടടങ്ങി കൊള്ളും. കാര്യാക്കണ്ട. നിങ്ങള്‍ക്കു പറയാനുള്ളതു പറയാം. തെറ്റുകള്‍ ചൂണ്ടി കാണിക്കാം. ശാസിക്കാം. ഉപദേശിക്കാം. (പക്ഷെ ഞാന്‍ നന്നാവില്ല). "ഓ പിന്നെ ഓസോണ്‍ പാളി പിളര്‍ന്നു വന്ന അള്‍റ്റ്രാവൈലറ്റ്‌ രശ്മികള്‍ വരെ ഈ തൊലി പുറത്ത്‌ തട്ടി റിഫ്ലെക്റ്റ്‌ ആയതാ... പിന്നെയല്ലെ നിങ്ങടെ ശാസനയും ഉപദേശവും." എന്ന ഭാവം എന്റെ മുഖത്ത്‌ വിടരുന്നത്‌ എന്റെ തെറ്റല്ല. ജന്മനാ ഉള്ളതാ. മാനുഫാക്ച്ചറിംഗ്‌ ഡിഫക്റ്റ്‌.പിന്നെ എന്തിനും ഏതിനും ഒരു ഉപമ അലങ്കാരമായി വെക്കാനുള്ള ശ്രമം മൂലം (ഏച്ച്‌ കെട്ടിയാ മുഴച്ചു നിക്കും എന്ന പോലെ) ചില്ലറ പാളിച്ചകളൊക്കെ ഉണ്ടാവാം. കാര്യാക്കണ്ട. പിന്നീട്‌ ശീലായിക്കോളും.തല്‍ക്കാലം അത്രേന്നേ.