Sunday, December 14, 2008

കണ്യാര്‍കളി

പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ ഇന്നും സജീവമായി
കൊണ്ടാടുന്ന ഒരു അനുഷ്ടാന നാടന്‍കലാരൂപമാണ്‌ 'കണ്യാര്‍കളി'. ഭഗവതിക്കാവുകളില്‍
രാത്രിയാണ്‌ കണ്യാര്‍കളി അവതരിപ്പിക്കുന്നത്‌. നാലു ദിവസം വരെ തുടര്‍ച്ചയായി
ഇതു അരങ്ങേറാറുണ്ട്‌. കുംഭം, മീനം, മേടം, ഇടവം മാസങ്ങളില്‍
ഭഗവതിക്കാവിനോടനുബന്ധിച്ചുള്ള ദേശമന്ദത്ത്‌ കണ്യാര്‍കളി വിളക്കു തെളിയും.
ദേശത്തെ പുരുഷ പ്രജകള്‍ മാത്രം പങ്ങെടുക്കുന്ന കണ്യാര്‍കളി ദേശത്തുകളി,
മലമക്കളി എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്‌. ദേശമന്ദത്ത്‌ തയ്യാറാക്കുന്ന
ഒന്‍പത്‌കാല്‍ പന്തലാണ്‌ കണ്യാര്‍കളി അരങ്ങ്‌. 45 കോല്‍ ചുറ്റളവുള്ള
പച്ചപന്തല്‍ കുരുത്തോലയാലും പുഷ്പങ്ങളാലും അലങ്ങരിക്കും. ആസ്വാദകര്‍ പന്തലിന്റെ
നാലുവശത്തു നിന്നും ഈ കലാപ്രകടനം വീക്ഷിക്കും. 'പൊന്നാന', 'ആണ്ടിക്കൂത്ത്‌',
'വള്ളോന്‍', 'മലമ' എന്നിങ്ങിനെയാണ്‌ നാലു ദിവസങ്ങളിലെ കണ്യാര്‍കളി രാവുകളെ
വിഭജിച്ചിരിക്കുന്നത്‌. ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം, കുറുകുഴല്‍
എന്നിവയാണ്‌ വാധ്യോപകരണങ്ങള്‍. ഇതില്‍ മദ്ദളവും, കുറുകുഴലും അനുഷ്ടാന അംശങ്ങള്‍
ഏറെയുള്ള വട്ടക്കളിയില്‍ മാത്രമേ കാണാറുള്ളൂ. കണ്യാര്‍കളിയില്‍ പ്രധാനമായും
രണ്ടു ഘടകങ്ങള്‍ ആണ്‌ ഉള്ളത്‌. അനുഷ്ടാന സ്വഭാവമുള്ള 'വട്ടക്കളി'യും വിനോദ
അംശങ്ങള്‍ക്കു പ്രാധാന്യമുള്ള പുറാട്ടുകളും. വട്ടക്കളിയില്‍ ദേശത്തെ ആബാലവൃദ്ധം
പുരുഷപ്രജകളും പങ്ങെടുക്കും. ദേവീ സ്തുതിയും തത്വചിന്താപരമായ ശകലങ്ങളാലും
സമ്പന്നമാണ്‌ വട്ടക്കളിപ്പാട്ട്‌.

മുപ്പത്തിമൂന്നു മരം നട്ടകാലം
മൂന്നുമരമതിലേറെ മുളച്ചു
മൂന്നുമരമതില്‍ തനിമരം വേറെ
ആ മരം പൂത്തൊരു പൂവാണെന്‍ കയ്യില്‍

ഇതില്‍ മുപ്പത്തിമുക്കോടി ദേവകളെയും, ത്രിമൂര്‍ത്തികളെയും എല്ലാറ്റിലുമടങ്ങിയ
ഈശ്വര ചൈതന്ന്യത്തെയും ലളിതമായി വ്യക്തമാക്കുന്നു.


വട്ടക്കളിക്കു ശേഷം പുറാട്ടുകളുടെ വരവായി. പുറാട്ടുകള്‍ ജാതീയ സമൂഹങ്ങളുടെ
പ്രതീകങ്ങളാണ്‌. വേട്ടുവകണക്കര്‍, മലയര്‍, തൊട്ടിയര്‍, കുറവന്‍-കുറത്തി,
ഇരട്ടക്കൂടാന്‍ തുടങ്ങിയ വിവിധതരം പുറാട്ടുകള്‍ അരങ്ങത്തെത്താറുണ്ട്‌.
പുറാട്ടുകളിലൂടെ ഒരുകാലത്ത്‌ നടമാടിയിരുന്ന അയിത്തത്തെയും അനാചാരത്തെയും
എതിര്‍ത്തുള്ള പ്രതികരണങ്ങല്‍ കാണാം.

കൂടാനും തമ്പുരാനും ഭേദമെന്താണ്‌
മേലെ വരമ്പിലൂടെ തമ്പുരാന്‍ പോണ്‌ - ഐ
താഴേ വരമ്പിലൂടെ കൂടാനും പോണ്‌ - തൈ തൈ

ചാന്ത്‌ മണിയിട്ടിതാ തമ്പുരാന്‍ പോണ്‌ - ഐ
ചെറു മണിയിട്ടിതാ കൂടാനും പോണ്‌ - തൈ തൈ

എന്നിങ്ങനെ പറഞ്ഞു അവസാനം കൂടാനും തമ്പുരാനും ഭേദമിതാണ്‌ എന്നു പറയുന്ന കൂടാന്‍
പോയകാലത്തെ സാമൂഹിക ചരിതം വ്യക്തമായി രേഖപ്പെടുത്തുന്നു.

പുറാട്ടുകളെ രാജാപുറാട്ട്‌, കരിപുറാട്ട്‌, മനയോലപുറാട്ട്‌ എന്നിങ്ങിനെ
തരംതിരിക്കാം. രാജപുറാട്ടുകള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനത്താലും പതിഞ്ഞ
താളത്തിലുള്ള അവതരണത്താലും ശ്രദ്ധേയമാണ്‌. കൂട്ടതൊട്ടിയര്‍, ചക്കിലിയര്‍,
പൂശാരികള്‍ എന്നിങ്ങിനെയാണ്‌ രാജാപുറാട്ടുകള്‍. തമിഴ്‌ ഭാഷയുടെ സ്വാധീനം
രാജപുറാട്ടുകളില്‍ പ്രകടമാണ്‌.

കരിപുറാട്ടുകള്‍ ദ്രുധഗതിയിലുള്ള താളത്താലും ചുവടുവെപ്പുകളാലും സമ്പന്നമാണ്‌.
മലയര്‍, വേട്ടുവക്കണക്കര്‍, കൂടാന്മാര്‍ എന്നിങ്ങിനെയാണ്‌ കരിപുറാട്ടുകള്‍.

മനയോല പുറാട്ടുകള്‍ വേര്‍പിരിഞ്ഞ ദമ്പതികളുടെ കൂടിചേരലിന്റെ കഥ സരസമായി
പറയുന്നു. കുറത്തി-കുറവന്‍, ചെറുമി-ചെറുമന്‍, മണ്ണാത്തി-മണ്ണാന്‍ തുടങ്ങി അനേകം
മനയോല പുറാട്ടുകള്‍ ഉണ്ട്‌. പുരുഷന്മാര്‍ തന്നെയാണ്‌ സ്ത്രീ വേഷം ധരിച്ച്‌
കളിക്കുന്നതും.

കണ്യാര്‍കളി അവതരണത്തിന്റെ പ്രാരംഭ ചടങ്ങ്‌ 'കളി കുമ്പിടല്‍' ആണ്‌.
ക്ഷേത്രമുറ്റത്തോ, അഭ്യാസപന്തലിലോ വെച്ച്‌ ഈ ചടങ്ങ്‌ നടക്കുന്നതോടു കൂടി
കണ്യാര്‍കളി അഭ്യാസം ആരംഭിക്കുന്നു. നിരന്തരമായ പരിശീലനത്തിലൂടെ അരങ്ങിന്‌
കലാകരന്മാരെ സജ്ജമാക്കലാണ്‌ അഭ്യാസ പ്രക്രിയയിലൂടെ നടക്കുന്നത്‌.

അരങ്ങ്‌ ദിവസങ്ങളില്‍ ദീപാരധനക്കു മുമ്പു തന്നെ ദേശമന്ദത്ത്‌ 'കേളി' പതിവാണ്‌.
അന്നേ രാത്രിയില്‍ ദേശമന്ദത്ത്‌ കണ്യാര്‍കളി നടക്കുന്നുവെന്നതിന്റെ വിളംബരമാണു
വൈകീട്ട്‌ നടത്തപ്പെടുന്ന കേളി. രാത്രി ഒമ്പത്‌ മണിയോടടുത്ത്‌ ക്ഷേത്രത്തില്‍
വെച്ച്‌ തന്നെ വീണ്ടും കേളി കൊട്ടുന്നു. കേളിക്കു ശേഷം അരങ്ങു പന്തലിലേക്ക്‌
കൊട്ടി പുറപ്പെടുകയായി. വട്ടകളിക്കു പങ്ങെടുക്കുന്നവര്‍ ഒന്നിച്ച്‌ നിരന്ന്
പന്തല്‍ പ്രവേശം നടത്തുന്നു.

കണ്യാര്‍കളി സമാപിക്കുന്നത്‌ 'പൂവാരല്‍' ചടങ്ങോടു കൂടിയാണ്‌.

പാലക്കാട്‌ ജില്ലയിലെ മഞ്ഞളൂര്‍, കാക്കയൂര്‍, കൊടുവായൂര്‍, നെന്മാറ,
അത്തിപൊറ്റ, പല്ലശ്ശെന, പുളിനെല്ലി, കുഴല്‍മന്ദം തുടങ്ങി അനേകം ദേശങ്ങളില്‍
കണ്യാര്‍കളി വിവിധ സമയങ്ങളിലായി അരങ്ങേറാറുണ്ട്‌. അതാത്‌ പ്രദേശത്ത്‌ ആളുകള്‍
തന്നെ അവതരിപ്പിക്കുന്ന കണ്യാര്‍കളി ദേശത്തിന്റെ ഒരുമയുടെയും പെരുമയുടെയും
വിളംബരം കൂടിയാണ്‌.

Sunday, August 3, 2008

വിവര്‍ത്തനം...

കാത്തിരുപ്പിന്റെ കടവത്ത്‌,
കാലമെത്രയോ കഴിഞ്ഞാണ്‌
പ്രണയം ഒരു വെറും കളി-
വാക്കെന്നു പറഞ്ഞ്‌ കളിത്തോഴിയുടെ
കടലാസ്‌ തോണിയടുത്തത്‌

നിതാന്ത സൗഹൃദം കൊണ്ടു
തന്നെയാവണം പിന്നില്‍
നിന്നാണ്‌ സ്നേഹിതന്‍
ആഴത്തില്‍ കത്തിയാഴ്ത്തിയതും

കലങ്ങിയൊരു പകല്‍
സന്ധ്യായി തുടങ്ങുമ്പോഴേക്കും
എത്ര വികലമായ്‌ എന്നെ
തന്നെ വിവര്‍ത്തനം ചെയ്തെന്ന
പൊരുള്‍ പൊള്ളലോടെ...

Sunday, January 27, 2008

കറുത്ത പക്ഷത്തെ വെളുത്ത പൂക്കള്‍

ഒലവക്കോട്‌ റയില്‍വേ സ്‌റ്റേഷന്‍ പിന്‍വശത്തുള്ള പാര്‍ക്കിംഗ്‌ ഏരിയായില്‍ ഞങ്ങളെത്തുംബോള്‍ റയില്‍വേയുടെ പതിവു ഉപചാരം വ്യക്തമായി കേള്‍ക്കാമായിരുന്നു."യാത്രക്കാരുടെ ശ്രദ്ധക്ക്‌...." തങ്ങളുടെ പതിവു യാത്രകളില്‍ ഒരിക്കല്‍ പോലും കണിശത പുലര്‍ത്താത്ത എന്റെ സ്‌നേഹിതര്‍ അന്നും പതിവു തെറ്റിച്ചില്ല. ഒരേ തൂവല്‍ പക്ഷികളെന്നൊണം റെയില്‍വെയും. രാത്രി 10.30 ന്‌ എത്തേണ്ട യശ്വന്ത്‌പ്പൂര്‍ എക്സ്പ്രസ്സ്‌ പത്ത്‌ നിമിഷം വൈകി എത്തുന്നതിന്റെ വിളംബരമായിരുന്നു തുടര്‍ന്നു ഞങ്ങള്‍ കേട്ടത്‌.

കാത്തിരിപ്പിന്റെ വിരസതയകറ്റാന്‍ തന്നെയാണ്‌ പാര്‍ക്കിങ്ങ്‌ ഏരിയായിലെ വെള്ളി വെളിച്ചത്തില്‍ കുളിച്ച്‌ നില്‍ക്കുന്ന മരത്തിലേക്കു ശ്രദ്ധ തിരിച്ചത്‌. നിഴലു പോലും പൊഴിക്കാനാവാതെ, നിര്‍ലോഭം ചൊരിയുന്ന പ്രകാശധാരയില്‍ വീര്‍പ്പടക്കി നിന്നത്‌ ഒരു പാലമരമായിരുന്നു.. അതെ! പാലമരം! പുരാവൃത്തങ്ങളിലും മുത്തശ്ശിക്കഥകളിലും മറ്റും എത്രയോ തവണ ആവര്‍ത്തിക്കപ്പെട്ട പാലമരം തന്നെ.

ഇരുളിലും വിജനതയിലും വേരുകളാഴ്‌ത്തി, അതു വഴി കടന്നു പോകുന്ന പഥികര്‍ക്കു സാഹസികതയും ഏറെ സംഭീതിയും പകര്‍ന്ന വൃക്ഷം. ഇതിന്റെ ശാഖികളിലാണു കറുത്ത രാവിന്റെ സുന്ദരികള്‍ മുറുക്കി ചുവന്ന് യാത്രികരെ കാത്തിരുന്നത്‌. വിജനവീഥിയിലെ അപൂര്‍വ്വ അതിഥികളില്‍ നിന്നും മുറുക്കാന്‍ ക്കൂട്ട്‌ യാചിച്ച ഇവര്‍ ഒരിക്കലും ഒടുങ്ങാത്ത ജീവിതരതിയുടെ പ്രതീകങ്ങളായിരിക്കണം. സഞ്ചാര കുതുകികളായ ഗന്ധര്‍വര്‍ക്കാവട്ടെ വഴിത്താവളമായിരുന്നത്രേ പാലമരം. കലിയുഗത്തില്‍ ഗന്ധര്‍വ്വര്‍ ഈ വൃക്ഷത്തെ കൈവിടും എന്ന കഥയുമുണ്ട്‌. കഥകള്‍! കഥകള്‍! അവിടുത്തെ നിഴലും ശബ്ദവും പൊലിപ്പിച്ചെടുത്ത എത്ര എത്ര ഭ്രമകല്‌പനകള്‍! ഏതായാലും ബോധമണ്‌ടലത്തിന്റെ വിളിപ്പാടകലെ ആ അഭൗമ പരിസരത്തെ മാറ്റി നിര്‍ത്തനായിരുന്നു കാലങ്ങളോളം താല്‍പര്യപ്പെട്ടത്‌.

പിന്നീടെപ്പോഴൊ പഴമ്പുരാണങ്ങളിലെ ഈ പതിവുകാരന്‍, ഉള്ളലിഞ്ഞു പൂക്കുന്ന പാലപ്പൂവിന്റെ തീവ്രസുഗന്ധമായി, യാദൃശ്ചികങ്ങളായ നിശാസഞ്ചാരങ്ങളക്കു സാമീപ്യവും കൗതുകവുമായി. അതിനുമെത്രയൊ മുന്‍പു ഈ അലൗകിക പശ്ചാത്തലം, ദുര്‍ഗ്രഹതയുടെ സത്യസൗന്ദര്യം വെളിവാക്കുന്ന ചലച്ചിത്ര ദൃശ്യയമായി മനസ്സില്‍ ഇടം നേടിയിരുന്നു. പത്മരാജന്‍ തന്റെ അവസാന ചലച്ചിത്ര സാക്ഷാത്ക്കാരത്തില്‍ രേഖപെടുത്തിയ ഒരു ദൃശ്യാനുഭവം! പ്രകൃതിയുടെ നിഗൂഡതകളത്രെയും ഒളിപ്പിച്ചു നില്‌ക്കുന്ന ഒരു പാലവൃക്ഷത്തിനരികില്‍, എന്തോ വായിച്ചെടുക്കാന്‍ ശ്രമിച്ച്‌, പൊരുളറിയാതെ പകച്ചു നില്‌ക്കുന്ന നിരാലംബയായ ഒരു പെണ്‍ക്കുട്ടിയുടെ വിദൂര ദൃശ്യമായിരുന്നു അത്‌.

ഇപ്പൊള്‍, ഇവിടെ, രാവ്‌ പകലാക്കുന്ന ദ്യുതിസങ്കേതങ്ങളില്‍, വ്യക്തിത്വമത്രയും ചോര്‍ന്ന് വിഹ്വലതയോടെ നില്‍ക്കുന്ന പാലമരം, ഏത്‌ ദുരന്തനാടകത്തിന്റെ അന്ത്യരംഗമാവും ആടിതീര്‍ക്കുന്നത്‌? അര്‍ദ്ധരാത്രിയേടടുത്ത ഈ സമയത്തും, വൈകി വന്ന യാത്രികര്‍ പാര്‍ക്കിംഗ്‌ ഏരിയായിലെ ഈ നിശബ്‌ദസാന്നിധ്യത്തെ, പരിഗണിക്കുക പോലും ചെയ്യാതെ നഗരത്തിന്റെ നിലക്കാത്ത ഗതഗത സമസ്യകളിലേക്ക്‌ അനായാസം കടന്നു കയറി.

" യാത്രക്കാരുടെ ശ്രദ്ധക്ക്‌...." ചിന്തകളെ ശിഥിലമാക്കിയ ആ ശ്രദ്ധക്ഷണിക്കല്‍ വാസ്തവത്തില്‍ എവിടെ നിന്നായിരിക്കാം കേട്ടത്‌?