Saturday, March 3, 2007

പാഠം ഒന്ന് - പൊന്നാങ്ങള

പരസ്പരം എല്ലാം തുറന്നു പറഞ്ഞും, പലതും പങ്കു വെച്ചും, ഉല്ലസിച്ചു വാണിരുന്ന കാലം. ഞങ്ങള്‍ കിന്നരിച്ചിരുന്ന മാവിന്‍ തോട്ടത്തിലെ തൈകള്‍ മാസം തികയാതെ പെറുന്ന ഗര്‍ഭിണികളെ പോലെ മൂക്കുമ്മുമ്പെ പൂത്തും കായ്ച്ചും ഞങ്ങളുടെ സന്തോഷത്തില്‍ പങ്കു ചെര്‍ന്നു.

ഇടക്കൊരു ദിവസം ഞങ്ങടെ സ്ഥിരം താവളമായ മാവിന്‍ ചോട്ടില്‍ തെക്കു വടക്കായി ഞങ്ങള്‍ മുഖം നോക്കാതെ ഇരുന്നു. മീന ചൂടില്‍ മാവിനു കുളിരേകി നൂറ്റിയമ്പത്‌ മില്ലി വീധം കണ്ണുനീര്‍ അതിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ചു. വേപ്പറായി പോയതു വേറെ. ഏങ്ങല്‍ മാത്രം കേള്‍ക്കാം അര മിനിറ്റ്‌ ഇട വിട്ട്‌.ഏങ്ങി ഏങ്ങി അവള്‍ പറഞ്ഞു :
"വീട്ടുക്കാരെ ധിക്കരിക്കാന്‍ ആവില്ല. നിന്നെ എനിക്കിഷ്ട്ടാ. പക്ഷെ എന്റെ അച്ചനും അമ്മയും പാവമാ."
"അപ്പൊ ഞനൊ. എനിക്കെന്താ വീട്ടുക്കാരില്ലെ "
"നീയും പാവമാ, നീയും വീട്ടുക്കാരെ വെറുപ്പിക്കരുത്‌. നാളെ എന്റെ വിവാഹനിശ്ചയമാണ്‌. പക്ഷെ നീ വരരുത്‌."
റെക്കൊര്‍ഡ്‌ സമയത്തില്‍ ഓടി എത്തി, പണ്ടു പോളിയോയിനു കുത്തിവെച്ചത്‌ കൊണ്ട്‌ മെഡല്‍ ഇല്ല എന്നു പറഞ്ഞപ്പോള്‍ പകച്ചു നിന്ന ജോണ്‍സണെ പോലെ ഞാന്‍ മസ്സില്‍ തടവി നിന്നു. 'വെറുതെയല്ല ആളുകള്‍ റിപ്പര്‍മാര്‍ ആവുന്നതു. ഇതുങ്ങളെ ഒക്കെ തലക്കടിച്ച്‌ കൊല്ലണം" എന്നു ചിന്തിച്ച്‌ മാവിന്‍ ചൊട്ടില്‍ അല്‍പ നേരം മിണ്ടാതിരുന്നു.( ശബ്ധം തൊണ്ടയില്‍ കുരുങ്ങി ഞെരിപിരി കൊള്ളുകയായിരുന്നു എന്നതാണു സത്യം). ശബ്ധം പുറത്തു കടന്നാല്‍ അതു ക..യും, പു... യും, മ .. യും ചേര്‍ത്തുള്ള, ഫാദര്‍സ്‌ ആന്‍ഡ്‌ മദര്‍സിനെ വരെ വാല്‍സല്യത്തോടെ അഭിസംബോധന ചെയ്യുന്ന വാക്കുകള്‍ ആവും എന്നതിനാല്‍ അതൊക്കെ അവളോടുള്ള സ്‌നേഹത്തിന്റെ പുറംച്ചട്ടയണിയിച്ച്‌ ശ്രി ബുദ്ധന്‍ ധ്യാനത്തിലിരിക്കണ കണക്കെ അമര്‍ന്നു. പിറ്റേന്നുള്ള നിശ്ചയത്തിനിടേണ്ട സാരിയും ജാക്കറ്റിനേം കുറിച്ചും അന്നു വൈകുന്നേരം അണിയേണ്ട മെയിലാഞ്ചി ഡിസൈനിനെ കുറിച്ചും ഏങ്ങി ഏങ്ങി അവള്‍ പറഞ്ഞു കേള്‍പിച്ചു. സാരിയുടെ കളറും പട്ടിന്റെ വീതിയും വരെ അവള്‍ ഏങ്ങലോടെ തന്നെ പറഞ്ഞു തുടര്‍ന്നപ്പൊള്‍, അടഞ്ഞു കിടന്ന എന്റെ കണ്ണുകള്‍ക്കു മീതെ പുരികകൊടികള്‍ "ഇവള്‍ എന്താ ഐറ്റം" എന്ന രീതിയില്‍ ചിന്തിച്ചു വളഞ്ഞു നിന്നു. വളവിന്റെ അറ്റത്ത്‌ ഒരു കുത്തു ഇട്ടിരുന്നെങ്കില്‍ ഒരു കൊസ്റ്റിയന്‍ മാര്‍ക്ക്‌ എങ്കിലും ആയേനെ.

ഞാന്‍ കണ്ണു തുറന്ന് - " എനിക്കും ഒരു ദിവസം വരും. അന്നു കാണിച്ചു തരാം " എന്ന ഭാവത്തില്‍ അവള്‍ ഇരുന്ന വശത്തെക്ക്‌ നോക്കിയപ്പോള്‍ കണ്ടത്‌ എന്റെ ദിവസം നാളെയാണെന്ന നെഗളിപ്പ്പ്പോടെ നടന്നു നീങ്ങുന്ന അവളുടെ പുറകു വശമാണ്‌.പുറം തിരിഞ്ഞു നടത്തം തുടങ്ങിയ കാരണം മുഖത്തെ ഭാവം ഒപ്പിയെടുക്കാന്‍ പറ്റിയില്ല. വേണ്ട, ഇപ്പൊ കണ്ടതു കൊണ്ടെ ഫീലിങ്ങ്സ്‌ ആയി. ഇനി മുഖം കൂടെ കണ്ടാല്‍ ചിലപ്പൊ ഗോല്‍ട്‌ ഫില്‍റ്ററിന്റെ കുറ്റി തപ്പേണ്ടി വരും, ടെന്‍ഷെന്‍സ്‌ പുകച്ച്‌ പുറത്തു ചാടിക്കാന്‍.( ഒരു സിഗരറ്റ്‌ ഒന്നങ്ങനെ മുഴുക്കനെ കൊതിയോടെ വലിക്കാന്‍ പറ്റാഞ്ഞിട്ടല്ല. പഴയ ബാക്കി കിട്ടാതെ ഇനി ആ വഴി വന്നാല്‍ മുട്ടിന്‍ കാല്‍ തല്ലി ഒടിക്കും എന്ന പലചരക്കുകടക്കാരന്‍ ബോസേട്ടന്റെ സ്‌നേഹാഭ്യര്‍ത്ഥന മാനിച്ചാണ്‌)നന്നായി മാവരക്കാനും നെല്ലുകുത്താനും മാത്രം അറിയാവുന്ന ബോസിന്റെ ഭാര്യ വനിതാ സംവരണത്തിന്റെ പേരില്‍ പഞ്ചായത്ത്‌ മെമ്പരായി തിരെഞ്ഞെടുക്കപ്പെട്ട കാര്യം ഒഴിച്ചാല്‍ ബോസിനൊടു എനിക്കു പ്രത്യെകിച്ച്‌ വൈരാഗ്യം ഒന്നും തന്നെ ഇല്ല. ബോസേട്ടന്റെ കഥ പിന്നീടാവാം.
പറഞ്ഞു തുടങ്ങിയത്‌ എന്റെ ആദ്യ വഞ്ചകിയുടെ കഥയല്ലെ.. അതു ദിശ മാറി പോണ്ട.
അങ്ങനെ.. കുറെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം ഒരു ശിവരാത്രിക്ക്‌ ഇത്തിരി പോന്ന ഒരു വാല്‍മാക്രിയുടെ ( ചിലരെ കണ്ടാല്‍ തന്നെ ചെവികുറ്റിക്കിട്ട്‌ രണ്ടു പെടക്കാന്‍ തോന്നും. അതിനു പ്രത്യേകിച്ച്‌ കാരണം ഒന്നും വേണ്ട. ഈ പൊടി ചെക്കനെ വാല്‍മാക്രി എന്നു വിളിച്ചതിനു പിന്നിലും അതെ വികാരം തന്നെ ), പുറകില്‍ വട്ട പൊട്ടും, തൂങ്ങിയ കവിളും അല്‍പം കറുപ്പടിച്ച കണ്ണും, തടി ഒരു ഫാഷന്‍ ആണെന്ന ഗമയില്‍ പിച്ച വെച്ചു നടക്കുന്ന ( കുട്ടികള്‍ക്കു മാത്രമല്ല, തടി കൂടിയാല്‍ തള്ളമാര്‍ക്കും അങ്ങനെ നടക്കാന്‍ ഒക്കൂ)എന്റെ പഴയ കാമുകിയെ കണ്ടു.സ്ത്രീകള്‍കും ഭീമന്‍ എന്നൊക്കെ പേരു വെക്കാം എന്നു പ്രഖ്യാപിക്കും വിധം നെഞ്ചും വിരിച്ചു അവള്‍ എന്നെ നൊക്കി ചിരിച്ചു.
"അയ്യെ. ഇതെന്താ സാധനം. ഞാന്‍ കെട്ടിയതാണെങ്കിലും ഇതു ഇങ്ങനെ ഒക്കെ ആവുമായിരുന്നൊ. നന്നായി ഞാന്‍ കെട്ടാതിരുന്നത്‌. ഇങ്ങനെ ലൈസെന്‍സ്‌ ഇല്ലാണ്ട്‌ ബോടി വളര്‍ത്താ.." എന്നിങ്ങനെ പരസ്പര ബന്ധമില്ലാത്ത ഒരായിരം കാര്യങ്ങള്‍ ( ആയിരം ഒരു എഫെക്റ്റിനു വെണ്ടി പറഞ്ഞതാ. ഒരു എട്ടു പത്തെണം എന്നു കണക്കാക്കിയ മതി. ഇതിനി എപ്പൊഴുമെപ്പഴും പറയില്ല. കുറിച്ചിടുക) മനസില്‍ പറഞ്ഞു നിര്‍ത്തി, അവളുടെ ചിരിക്കു പലിശ സഹിതം അല്‍പം കൂടി വലിപ്പത്തിലുള്ള ചിരി തിരിച്ചു നല്‍കി.
എന്റെ അടുത്തെക്കു വന്ന സ്പീഡില്‍ അവളുടെ കൈയൊ കാലൊ തട്ടി ഇഞ്ചുറി ആവണ്ട കരുതി ഞാന്‍ നൈസായി ഒരു അടി പുറകോട്ടു വെച്ചു. നമ്മുക്കറിയാത്ത കളരിയൊ.
"പരമേട്ടനെ കണ്ടൊ? പരിചയപെടുത്തി തരാം" അവളുടെ കണ്ണും കാതും പ്രാണേശ്വരനെ തേടിയലഞ്ഞു.
"ഹാവു ഇവള്‍ ഇത്രേങ്കിലും പറഞ്ഞൂലൊ. പാവം. എന്തു പറഞ്ഞായിരിക്കും പരിചയപ്പെടുത്തുക... പഴയ കാമുകന്‍ എന്നു പറയുമൊ... ഇല്ല...എയ്‌ ഒരു ഫ്രണ്ട്‌ എന്നു എന്തായാലും പറയും"- ഇത്രയും കാര്യങ്ങള്‍ മനസ്സില്‍ ഉരുണ്ടു കൂടുമ്പോള്‍ ഉണ്ടാകെണ്ട രസപ്രധാനമായ ഭാവങ്ങള്‍ ഒന്നും തന്നെ എന്റെ മുഖത്തു വന്നില്ല. അതു കൊണ്ടു തന്നെ വികാരങ്ങള്‍ വികാരങ്ങളായും വാക്കുകള്‍ വാക്കുകളായും മുഖത്തുള്ള സ്ഥായി ഭാവം അതിന്റെ പാട്ടിലും സെപെരേറ്റ്‌ ആയി നില കൊണ്ടു.

ഏതോ ആനക്കാരനോട്‌ കുശലം ചൊദിക്കുന്ന ഒരുത്തനെ നൊക്കി അവള്‍ അലറി(ഒരു സ്‌നേഹമുള്ള വിളിയായി അതിനെ പരാമര്‍ശിക്കാന്‍ അതിന്റെ ഡെസിബല്‍സ്‌ അനുവധിക്കുന്നില്ല,സോറി) - " പരമേട്ടാ.. "
ആദ്യം തിരിഞ്ഞു നോക്കിയത്‌ ആനയായിരുന്നു.ഗുരുവായുര്‍ പരമേശ്വരന്‍ എന്നെഴുതിയ ചെമ്പ്‌ ലോക്കറ്റും തൂക്കി തലയെടുപ്പോടെ അവന്‍ നിന്നു.
"ഈശ്വരാ എന്നെ ആദ്യായിട്ടാ ആരെങ്കിലും എട്ട എന്നു വിളിക്കണെ" എന്ന ആശ്ചര്യഭാവം അതിന്റെ മുഖത്ത്‌.

"പരമേട്ട ഇത്‌... എന്റെ .. എന്റെ..... ( യെസ്‌.. പറയെടി.. പൊന്നെ.. ഞാന്‍ ആരാണെന്ന്... ഡു ഇറ്റ്‌ ബേബി...ഉം - ഇത്രയും ആത്മഗതം) എന്റെ... ബ്രദര്‍.... കസിന്‍ ബ്രദര്‍ .. ഫാര്‍ റിലേറ്റീവ്‌.."

" ഒഹ്‌.. ഐ സീ.. ഹലൊ" പരമേട്ടന്‍ കൈ നീട്ടി.

അവന്റെ കൈ പിടിച്ചു തിരിച്ചു, കുനിച്ചു നിര്‍ത്തി കൂമ്പിനിട്ട്‌ ഇടിച്ച്‌, എന്നെ ബ്രദറെന്നു വിളിച്ചധിക്ഷേപിച്ച എന്റെ പൊന്നനുജത്തിക്കു എന്നും ഓര്‍മിക്കാന്‍ പൊന്നാങ്ങളയുടെ വക ഇതിരിക്കട്ടെ എന്നും പറഞ്ഞു ചെവികുറ്റിക്ക്‌ ഒരു വീക്കും വെച്ചു കൊടുത്ത്‌ - ജസ്റ്റ്‌ റിമെംബര്‍ ദാറ്റ്‌ - എന്നാക്രൊശിച്ചു സ്ലൊ മോഷനില്‍ നടന്നു പൊണം എന്ന മോഹം, എന്റെ മുഖത്തും ശരീര പേശികളിളും നിര്‍വികാരത പടര്‍ത്തി നിന്നു. പാരലൈസ്‌ ആയ എന്റെ കരം ഗ്രഹിച്ച്‌ കുലുക്കി അവര്‍ യാത്ര പറഞ്ഞു നീങ്ങി.
ഓസ്സില്‍ കിട്ടിയ ബ്രദര്‍ പട്ടം വെച്ച്‌ ഒരു സെമിനാരിയില്‍ ചേര്‍ന്ന് ഫാദര്‍ എങ്കിലും ആവാന്‍ പറ്റുമൊ എന്നൊക്കെ ചിന്തിച്ചു ചലിച്ചു തുടങ്ങിയ എന്നെ ശ്രി പരമശിവന്റെ തിരുനട തുറന്നത്‌ പ്രമാണിച്ച്‌ മുറുകിയ മേളവും, കൂട്ടത്തോടെ പൊട്ടിയ കതനയും നടുക്കിയെന്നു മാത്രമല്ല, അടി തെറ്റിയാല്‍ ആനപിണ്ടിയിലും ചവുട്ടി വീഴും എന്നതു അവിടെ അന്വര്‍ത്ഥമാകുകയും ചെയ്ധു. ആല്‍ത്തറക്കു ചുറ്റും കൂടി നിന്നിരുന്ന കാഴ്ചക്കാരുടെ കൂട്ടച്ചിരി കൂടി ആയപോള്‍... എല്ലാം പൂര്‍ണമായി.
ഇധി പ്രഥമോദ്ധ്യായഹ.

4 comments:

അങ്കിള്‍. said...

മുല്ലവള്ളിയേ..
ഞാന്‍ വായിച്ചു.

ദില്‍ബാസുരന്‍ said...

സൂപ്പറായിട്ടുണ്ട്.പ്രത്യേകിച്ചും ആ ആന തിരിഞ്ഞ് നോക്കിയത്. നല്ല എഴുത്ത്. തുടരൂ..

ഓടോ:ഈ സൈസ് പെങ്ങന്മാരെ ചവിട്ടി റോട്ടിലൂടെ നടക്കാന്‍ വയ്യാത്ത സ്ഥിതിയാ. എന്റെ കൂടെ പഠിച്ച ഒരുത്തനുണ്ടായിരുന്നു. അവന്റെ ശല്ല്യം സഹിക്കവയ്യാതെ കൂടെ പഠിക്കുന്ന പെണ്‍ പിള്ളേരെല്ലാം രക്ഷാബന്ധന്‍ ദിനത്തില്‍ അവനെ ഓടിച്ചിട്ട് പിടിച്ച് രാഖി കെട്ടിച്ച് വിട്ടു. മൊത്തം 18 രാഖി. കൈയ്യില്‍ പ്ലാസ്റ്ററിട്ട പോലെയുണ്ടായിരുന്നു. അന്ന് ക്ലാസില്‍ വരാതിരുന്ന സന്ധ്യ പിറ്റേന്ന് കരഞ്ഞ കരച്ചില്‍... :-D

Vinodam said...

Adipoli aayittunde..satire aane shaili..super ..

Anonymous said...

kodu ki