Friday, September 28, 2007

എന്റെ റേഡിയോ ദിനങ്ങള്‍, നിങ്ങളുടേതും ?

സുഖസുഷുപ്തിയുടെ വിരാമത്തിലെവിടെയോ സുഭാഷിതത്തിലൂടെയൊ പ്രാദേശിക വാര്‍ത്തയിലൂടെയൊ മറ്റോ, ഉണര്‍ന്നിരുന്ന ഒരു ഭൂതകാലം, സുഹൃത്തേ താങ്കള്‍ക്കുമില്ലേ ? അതു കൊണ്ടു തന്നെയാവണം നമ്മുടെ ബോധ അബോധ തലങ്ങളിലെവിടെയോ ട്യൂണ്‍ ചെയ്ധു വെച്ചിരുന്ന റേഡിയോ സ്ഥാനം പിടിച്ചത്‌. വാര്‍ത്താവായനയുടെ ഗന്ധര്‍വ സ്വരമായ രാമചന്ദ്രന്‍, വെന്മണി വിഷ്ണു, പ്രതാപന്‍ തുടങ്ങിയവര്‍ നമ്മെ പുലര്‍കാല സ്വപ്ന സീമകളില്‍ നിന്നും യാഥാര്‍ത്ഥത്തിലേക്ക്‌ ക്ഷണിച്ചു. എട്ടു മണിക്ക്‌ തുടങ്ങിയിരുന്ന ദെശീയ വാര്‍ത്ത ബുള്ളെറ്റിനുകളാവട്ടെ നമ്മുടെ ഘടികാര ക്രമീകരണങ്ങളുടെ അടിസ്ഥാനം തന്നെയായിരുന്നു. സൂക്ഷ്മമായ കാലനിര്‍ണ്ണയത്തിനു ഈയടുത്ത കാലം വരെയുള്ള എകാലംബനം.


ആഢത്ത്വം തുളുമ്പുന്ന വാള്‍വ്‌ റേഡിയോ, സാധാരണക്കാരുടെ ട്രാന്‍സിസ്റ്റര്‍, ഉത്തരാധുനികരുടെ പൊക്കറ്റ്‌ റേഡിയോ എന്നിങ്ങനെ ഏവരേയും തൃപ്തിപ്പെടുത്തുന്ന മോഡല്‍ വൈജാത്യം അവക്കുണ്ടായിരുന്നു. വീടുകളില്‍ മാത്രമല്ല ചായക്കട, ബാര്‍ബര്‍ ഷാപ്പ്‌ എന്നിവടങ്ങളിലെല്ലാം അവ പ്രക്ഷെപണ സങ്കേതങ്ങള്‍ അനുഭവവേദ്യമാക്കി. സായാഹ്‌നങ്ങളിലെ അലസസഞ്ചാരത്തിനു വരെ ചിലര്‍ റേഡിയോയെ ക്കൂട്ടുപിടിച്ചു.

റേഡിയോ ഒരു പക്ഷെ അതിന്റെ അസ്തിത്വം കണ്ടെത്തിയത്‌ ചലച്ചിത്ര ഗാനശാഖയിലൂടെയാവണം. ആകാശവാണിയിലൂടെ ഒഴുകി വന്ന ഗാന
നിര്‍ഝരി ശ്രോതാക്കളില്‍ അനുഭൂതികളുടെ ആയിരം പാരിജാതങ്ങള്‍ വിടര്‍ത്തി. പ്രഭാത പ്രദോഷങ്ങള്‍ക്കിടയിലെ ഉണര്‍വ്വിന്റെ വേളകളാകമാനം അവ സംഗീത സാന്ദ്രമാക്കി. ഒട്ടും നിനച്ചിരിക്കാത്ത നേരത്ത്‌ മനസ്സിനെ തൊട്ടുണര്‍ത്തുന്ന പ്രിയ ഗാനങ്ങള്‍ ! അതെ, ആകസ്മിക സൗന്‌ദര്യം തന്നെയായിരുന്നു റേഡിയോ ഗാനങ്ങളുടെ മുഖമുദ്ര. മഞ്ഞളി പൂനിലാവ്‌ മഞ്ഞളരച്ചു നീരാടിയ ഒരു വെളുത്ത പക്ഷത്ത്‌, അവിചാരിതമായി അതെ ഗാനം റേഡിയോവിലൂടെ ഒഴുകിയെത്തിയപ്പോള്‍ കാലവും കലയും വേര്‍തിരിച്ചറിയാനാവാതെ കേവല പ്രാണന്‍ പകച്ചു.



ഇമ്പമാര്‍ന്ന ശബ്ദങ്ങള്‍ കൊണ്ടു മാത്രം ജീവിതത്തിന്റെ താപവും കോപവും ആമോദവുമെല്ലാം പൊലിപ്പിച്ചു കാട്ടിയ റേഡിയോ നാടകങ്ങള്‍ എങ്ങനെ മറക്കാനാണ്‌. നാടകവാരങ്ങള്‍ക്ക്‌ നന്ദി! ( ആ മധുരശബ്ദങ്ങള്‍ക്കുടമകള്‍ സുന്ദരികളും സുന്ദരന്മാരും തന്നെയായിരിക്കണം). നാടകങ്ങള്‍ക്ക്‌ പുറമെ യുവവാണി, വയലും വീടും, പലരും പലതും, കമ്പൊള നിലവാരം തുടങ്ങിയ പ്രക്ഷേപണ കലാ വൈവിധ്യത്തിലൂടെ സമസ്ത ജീവിതത്തിന്റെ പരിഛേദമായതും അതേ ശബ്ദ സുഭഗങ്ങള്‍ തന്നെ!



പ്രക്ഷേപണം സംപ്രേഷണത്തിന്‌ വഴി മാറി കൊടുത്തത്‌ വളരെ പെട്ടെന്നു തന്നെയായിരുന്നു. റേഡിയോ ദൈനംദിന ജീവിതത്തില്‍ നിന്നും പൂര്‍ണ്ണമായി തഴയപ്പെട്ടു. സ്വീകരണമുറിയിലെ പൊങ്ങച്ച ഷോക്കേസുകളിലെ ഗ്രാമഫോണിന്റെയോ എന്തിന്‌, മുറുക്കാന്‍ ചെല്ലത്തിന്റെ പോലും വിശിഷ്ട സ്ഥാനം ലഭിക്കാതെ തന്നെ! ( ദൃശ്യ ചാരുതയുടെ അനന്ദസാധ്യതയുമായി വന്ന പിന്‍മുറക്കാരന്‌ പക്ഷെ വിഡ്ഢിപ്പെട്ടി എന്ന ആക്ഷേപത്തിനര്‍ഹനാവാനേ കഴിഞ്ഞുള്ളു).



ഈയിടെ ഒരു രാവു മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കാര്‍ യാത്രക്കിടയില്‍ സുഹൃത്തുക്കളിലാരോ F.M റേഡിയോ ട്യൂണ്‍ ചെയ്തത്‌ യാദൃഛികമായിരുന്നു.( ആ യാത്ര ഒരു സുഹൃത്തിന്റെ പ്രണയസാക്ഷാത്‌കാരത്തില്‍ പങ്കു ചേരാനുമായിരുന്നു). രാത്രിയായതു കൊണ്ടാവാം, നിലാവിനെ കുറിച്ച്‌ മാത്രമുള്ള സൗമരസ്യം തുളുമ്പുന്ന ഭാവഗാനങ്ങള്‍! ആകസ്മിക സൗന്ദര്യം പൂത്തുലയുകയായിരുന്നു, വീണ്ടും! വിജന പഥങ്ങളിലെ ഇരുളില്‍ പൊടുന്നനെ നിലാവുദിച്ചതും, അത്‌ യാത്രയിലുടനീളം സഞ്ചാരികളെ അനുഗമിച്ചതും സ്വപ്നസമാനമായ അനുഭവം തന്നെയായിരുന്നു. അല്ലെങ്കില്‍ വെഗതയുടെയും വിസ്‌മൃതിയുടെയും അഭിനവലൊകത്ത്‌, ഞാനിവിടെ തന്നെയുണ്ട്‌ എന്ന മട്ടില്‍ പ്രക്ഷേപണി നടത്തിയ കുറ്റപ്പെടുത്തുന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍!