Sunday, December 14, 2008

കണ്യാര്‍കളി

പാലക്കാട്‌ ജില്ലയിലെ ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളില്‍ ഇന്നും സജീവമായി
കൊണ്ടാടുന്ന ഒരു അനുഷ്ടാന നാടന്‍കലാരൂപമാണ്‌ 'കണ്യാര്‍കളി'. ഭഗവതിക്കാവുകളില്‍
രാത്രിയാണ്‌ കണ്യാര്‍കളി അവതരിപ്പിക്കുന്നത്‌. നാലു ദിവസം വരെ തുടര്‍ച്ചയായി
ഇതു അരങ്ങേറാറുണ്ട്‌. കുംഭം, മീനം, മേടം, ഇടവം മാസങ്ങളില്‍
ഭഗവതിക്കാവിനോടനുബന്ധിച്ചുള്ള ദേശമന്ദത്ത്‌ കണ്യാര്‍കളി വിളക്കു തെളിയും.
ദേശത്തെ പുരുഷ പ്രജകള്‍ മാത്രം പങ്ങെടുക്കുന്ന കണ്യാര്‍കളി ദേശത്തുകളി,
മലമക്കളി എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്‌. ദേശമന്ദത്ത്‌ തയ്യാറാക്കുന്ന
ഒന്‍പത്‌കാല്‍ പന്തലാണ്‌ കണ്യാര്‍കളി അരങ്ങ്‌. 45 കോല്‍ ചുറ്റളവുള്ള
പച്ചപന്തല്‍ കുരുത്തോലയാലും പുഷ്പങ്ങളാലും അലങ്ങരിക്കും. ആസ്വാദകര്‍ പന്തലിന്റെ
നാലുവശത്തു നിന്നും ഈ കലാപ്രകടനം വീക്ഷിക്കും. 'പൊന്നാന', 'ആണ്ടിക്കൂത്ത്‌',
'വള്ളോന്‍', 'മലമ' എന്നിങ്ങിനെയാണ്‌ നാലു ദിവസങ്ങളിലെ കണ്യാര്‍കളി രാവുകളെ
വിഭജിച്ചിരിക്കുന്നത്‌. ചെണ്ട, ചേങ്ങില, ഇലത്താളം, മദ്ദളം, കുറുകുഴല്‍
എന്നിവയാണ്‌ വാധ്യോപകരണങ്ങള്‍. ഇതില്‍ മദ്ദളവും, കുറുകുഴലും അനുഷ്ടാന അംശങ്ങള്‍
ഏറെയുള്ള വട്ടക്കളിയില്‍ മാത്രമേ കാണാറുള്ളൂ. കണ്യാര്‍കളിയില്‍ പ്രധാനമായും
രണ്ടു ഘടകങ്ങള്‍ ആണ്‌ ഉള്ളത്‌. അനുഷ്ടാന സ്വഭാവമുള്ള 'വട്ടക്കളി'യും വിനോദ
അംശങ്ങള്‍ക്കു പ്രാധാന്യമുള്ള പുറാട്ടുകളും. വട്ടക്കളിയില്‍ ദേശത്തെ ആബാലവൃദ്ധം
പുരുഷപ്രജകളും പങ്ങെടുക്കും. ദേവീ സ്തുതിയും തത്വചിന്താപരമായ ശകലങ്ങളാലും
സമ്പന്നമാണ്‌ വട്ടക്കളിപ്പാട്ട്‌.

മുപ്പത്തിമൂന്നു മരം നട്ടകാലം
മൂന്നുമരമതിലേറെ മുളച്ചു
മൂന്നുമരമതില്‍ തനിമരം വേറെ
ആ മരം പൂത്തൊരു പൂവാണെന്‍ കയ്യില്‍

ഇതില്‍ മുപ്പത്തിമുക്കോടി ദേവകളെയും, ത്രിമൂര്‍ത്തികളെയും എല്ലാറ്റിലുമടങ്ങിയ
ഈശ്വര ചൈതന്ന്യത്തെയും ലളിതമായി വ്യക്തമാക്കുന്നു.


വട്ടക്കളിക്കു ശേഷം പുറാട്ടുകളുടെ വരവായി. പുറാട്ടുകള്‍ ജാതീയ സമൂഹങ്ങളുടെ
പ്രതീകങ്ങളാണ്‌. വേട്ടുവകണക്കര്‍, മലയര്‍, തൊട്ടിയര്‍, കുറവന്‍-കുറത്തി,
ഇരട്ടക്കൂടാന്‍ തുടങ്ങിയ വിവിധതരം പുറാട്ടുകള്‍ അരങ്ങത്തെത്താറുണ്ട്‌.
പുറാട്ടുകളിലൂടെ ഒരുകാലത്ത്‌ നടമാടിയിരുന്ന അയിത്തത്തെയും അനാചാരത്തെയും
എതിര്‍ത്തുള്ള പ്രതികരണങ്ങല്‍ കാണാം.

കൂടാനും തമ്പുരാനും ഭേദമെന്താണ്‌
മേലെ വരമ്പിലൂടെ തമ്പുരാന്‍ പോണ്‌ - ഐ
താഴേ വരമ്പിലൂടെ കൂടാനും പോണ്‌ - തൈ തൈ

ചാന്ത്‌ മണിയിട്ടിതാ തമ്പുരാന്‍ പോണ്‌ - ഐ
ചെറു മണിയിട്ടിതാ കൂടാനും പോണ്‌ - തൈ തൈ

എന്നിങ്ങനെ പറഞ്ഞു അവസാനം കൂടാനും തമ്പുരാനും ഭേദമിതാണ്‌ എന്നു പറയുന്ന കൂടാന്‍
പോയകാലത്തെ സാമൂഹിക ചരിതം വ്യക്തമായി രേഖപ്പെടുത്തുന്നു.

പുറാട്ടുകളെ രാജാപുറാട്ട്‌, കരിപുറാട്ട്‌, മനയോലപുറാട്ട്‌ എന്നിങ്ങിനെ
തരംതിരിക്കാം. രാജപുറാട്ടുകള്‍ കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനത്താലും പതിഞ്ഞ
താളത്തിലുള്ള അവതരണത്താലും ശ്രദ്ധേയമാണ്‌. കൂട്ടതൊട്ടിയര്‍, ചക്കിലിയര്‍,
പൂശാരികള്‍ എന്നിങ്ങിനെയാണ്‌ രാജാപുറാട്ടുകള്‍. തമിഴ്‌ ഭാഷയുടെ സ്വാധീനം
രാജപുറാട്ടുകളില്‍ പ്രകടമാണ്‌.

കരിപുറാട്ടുകള്‍ ദ്രുധഗതിയിലുള്ള താളത്താലും ചുവടുവെപ്പുകളാലും സമ്പന്നമാണ്‌.
മലയര്‍, വേട്ടുവക്കണക്കര്‍, കൂടാന്മാര്‍ എന്നിങ്ങിനെയാണ്‌ കരിപുറാട്ടുകള്‍.

മനയോല പുറാട്ടുകള്‍ വേര്‍പിരിഞ്ഞ ദമ്പതികളുടെ കൂടിചേരലിന്റെ കഥ സരസമായി
പറയുന്നു. കുറത്തി-കുറവന്‍, ചെറുമി-ചെറുമന്‍, മണ്ണാത്തി-മണ്ണാന്‍ തുടങ്ങി അനേകം
മനയോല പുറാട്ടുകള്‍ ഉണ്ട്‌. പുരുഷന്മാര്‍ തന്നെയാണ്‌ സ്ത്രീ വേഷം ധരിച്ച്‌
കളിക്കുന്നതും.

കണ്യാര്‍കളി അവതരണത്തിന്റെ പ്രാരംഭ ചടങ്ങ്‌ 'കളി കുമ്പിടല്‍' ആണ്‌.
ക്ഷേത്രമുറ്റത്തോ, അഭ്യാസപന്തലിലോ വെച്ച്‌ ഈ ചടങ്ങ്‌ നടക്കുന്നതോടു കൂടി
കണ്യാര്‍കളി അഭ്യാസം ആരംഭിക്കുന്നു. നിരന്തരമായ പരിശീലനത്തിലൂടെ അരങ്ങിന്‌
കലാകരന്മാരെ സജ്ജമാക്കലാണ്‌ അഭ്യാസ പ്രക്രിയയിലൂടെ നടക്കുന്നത്‌.

അരങ്ങ്‌ ദിവസങ്ങളില്‍ ദീപാരധനക്കു മുമ്പു തന്നെ ദേശമന്ദത്ത്‌ 'കേളി' പതിവാണ്‌.
അന്നേ രാത്രിയില്‍ ദേശമന്ദത്ത്‌ കണ്യാര്‍കളി നടക്കുന്നുവെന്നതിന്റെ വിളംബരമാണു
വൈകീട്ട്‌ നടത്തപ്പെടുന്ന കേളി. രാത്രി ഒമ്പത്‌ മണിയോടടുത്ത്‌ ക്ഷേത്രത്തില്‍
വെച്ച്‌ തന്നെ വീണ്ടും കേളി കൊട്ടുന്നു. കേളിക്കു ശേഷം അരങ്ങു പന്തലിലേക്ക്‌
കൊട്ടി പുറപ്പെടുകയായി. വട്ടകളിക്കു പങ്ങെടുക്കുന്നവര്‍ ഒന്നിച്ച്‌ നിരന്ന്
പന്തല്‍ പ്രവേശം നടത്തുന്നു.

കണ്യാര്‍കളി സമാപിക്കുന്നത്‌ 'പൂവാരല്‍' ചടങ്ങോടു കൂടിയാണ്‌.

പാലക്കാട്‌ ജില്ലയിലെ മഞ്ഞളൂര്‍, കാക്കയൂര്‍, കൊടുവായൂര്‍, നെന്മാറ,
അത്തിപൊറ്റ, പല്ലശ്ശെന, പുളിനെല്ലി, കുഴല്‍മന്ദം തുടങ്ങി അനേകം ദേശങ്ങളില്‍
കണ്യാര്‍കളി വിവിധ സമയങ്ങളിലായി അരങ്ങേറാറുണ്ട്‌. അതാത്‌ പ്രദേശത്ത്‌ ആളുകള്‍
തന്നെ അവതരിപ്പിക്കുന്ന കണ്യാര്‍കളി ദേശത്തിന്റെ ഒരുമയുടെയും പെരുമയുടെയും
വിളംബരം കൂടിയാണ്‌.

3 comments:

പരമാര്‍ഥങ്ങള്‍ said...

good

വികടശിരോമണി said...

നന്നായിരിക്കുന്നു.
കണ്യാർ‌കളിയുടെ തീയറ്റർ സങ്കൽ‌പ്പനം ഇനിയും വേണ്ടപോലെ പഠിക്കപ്പെട്ടിട്ടില്ല.വിവിധങ്ങളായ പൊറാട്ടുകളിൽ ഉപയോഗിക്കപ്പെട്ട അഭിനയരീതികളുടെ വികാസം തന്നെയാണ് ശൈലീകൃതകലകളായ കൂത്തിലേക്കും കൂടിയാട്ടത്തിലേക്കും കഥകളിയിലേക്കും എത്തിച്ചത്.ലോകധർമ്മിയായ അഭിനയരീതിയിൽ നിന്ന് നാട്യധർമ്മിതയിലേക്കുള്ള സഞ്ചാരം സ്പഷ്ടമായി പൊറാട്ടുകളിൽ കാണാം.
കുടംബകലഹം എന്ന പ്രശ്നം തന്നെ എങ്ങനെ പൊറാട്ടുകളിൽ വന്നു എന്നതും ചിന്താർഹമാണ്.
സന്ധ്യക്കേളി എന്ന കഥകളിയുടെ പരിപാടി ഇവിടുന്നു തന്നെ വന്നതാകുമോ?
വ്യത്യസ്തമായ പോസ്റ്റ്.അഭിനന്ദനങ്ങൾ.

Vinodam said...

Superb .. very befitting piece. Keep writing mate..